ടാക്സി യാത്ര കാൻസൽ ചെയ്തതിന് ബംഗളൂരുവിൽ യുവതിക്ക് ഡ്രൈവർ അശ്ലീല സന്ദേശങ്ങൾ അയച്ചതായി പരാതി
text_fieldsബംഗളൂരു: ബംഗളൂരുവിൽ ബുക്ക് ചെയ്ത ടാക്സി യാത്ര കാൻസൽ ചെയ്തതിന് യുവതിക്ക് ഡ്രൈവർ അശ്ലീല സന്ദേശങ്ങൾ അയച്ചതായി പരാതി. അശ്ലീലഫോട്ടോകൾ വാട്ട്‌സ്ആപ്പ് വഴി അയക്കുകയായിരുന്നു. ടാക്സി ദാതാക്കളുടെ ഓഫിസിലേക്കു വിളിച്ചാണ് യുവതി കാർ ബുക്ക് ചെയ്തത്. മകളെ കൂട്ടിക്കൊണ്ടു വരാനായിരുന്നു യുവതി ടാക്സി ബുക്ക് ചെയ്തത്.
എന്നാൽ ഡ്രൈവർ വൈകിയതിനെ തുടർന്ന് ഓട്ടോ വിളിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ബുക്ക് ചെയ്തിരുന്ന യാത്ര റദ്ദാക്കേണ്ടി വന്നതിനാലാണ് ഡ്രൈവർ അങ്ങനെ ചെയ്തതെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. യുവതി ഓട്ടോറിക്ഷയിലായിരുന്ന സമയത്ത് ടാക്സി കാർ ഡ്രൈവർ ഫോണിൽ വിളിച്ച് തന്റെ കാറിൽ കയറാൻ നിർബന്ധിച്ചക്കുകയായിരുന്നു.
ഇതിനകം അഞ്ചു കിലോമീറ്റർ ദൂരം പിന്നിട്ടെന്നും ടാക്സി കാർ ഇനി ആവശ്യമില്ലെന്നും അറിയിച്ച യുവതി ഡ്രൈവറോട് മാപ്പു പറയുകയും ചെയ്തു. തുടർന്നും ഇയാൾ യുവതിയെ നിരന്തരം വിളിക്കുകയും അശ്ലീലചിത്രങ്ങൾ അയക്കുകയുമായിരുന്നു. പിന്നീട് യുവതി പോലീസിനെ സമീപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഡ്രൈവർക്കെതിരെ കേസെടുത്ത പൊലീസ് ഇയാൾക്കായി തിരച്ചിൽ നടത്തുകയാണ്.

