ശ്രീരാമനെ പുരാണത്തിലെ സാങ്കൽപിക കഥാപാത്രമെന്ന് വിശേഷിപ്പിച്ചെന്ന്; രാഹുൽ ഗാന്ധിക്കെതിരെ പരാതി
text_fieldsവാരണാസി: യു.എസ് സർവകലാശാലയിൽ സംസാരിക്കുന്നതിനിടെ ശ്രീരാമനെ പുരാണത്തിലെ സാങ്കൽപിക കഥാപാത്രമെന്ന് വിശേഷിപ്പിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വാരണാസിയിലെ കോടതിയിൽ പരാതി. ബന്ധപ്പെട്ട ശിക്ഷ വ്യവസ്ഥകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. കേസിൽ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയെയും (എ.ഐ.സി.സി) കക്ഷിയാക്കി ഉൾപ്പെടുത്തിയിട്ടുണ്ട്. മേയ് 19 ന് കോടതി വാദം കേൾക്കും.
ഏപ്രിൽ 21 ന് അമേരിക്കയിലെ ബോസ്റ്റണിലെ ബ്രൗൺ സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം നടത്തിയതെന്നും അത് 'സനാതനികളുടെ' വികാരങ്ങളെ വ്രണപ്പെടുത്തുന്ന 'വിദ്വേഷ പ്രസംഗം' ആണെന്നും പരാതി നൽകിയ അഭിഭാഷകൻ ഹരിശങ്കർ പാണ്ഡെ ആരോപിച്ചു. ഒരു പ്രാദേശിക പത്രത്തിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന താൻ അറിഞ്ഞതെന്നും പാണ്ഡെ പറഞ്ഞു.
രാഹുൽ ഗാന്ധിക്കും ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് അജയ് റായിക്കും നോട്ടീസ് അയക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 196 (മതം, വംശം മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 351 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 353 (പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവന), 356 (അപകീർത്തിപ്പെടുത്തൽ) എന്നിവ പ്രകാരം ശിക്ഷ നേരിടാൻ രാഹുൽ ഗാന്ധിയെ വിളിപ്പിക്കണമെന്ന് പാണ്ഡെ തന്റെ പരാതിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

