അസമിലെ വര്‍ഗീയ സംഘര്‍ഷം: അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ്
text_fieldsദിസ്പൂര്‍ (അസം): അസമിലെ ധുബ്രിയില്‍ വര്‍ഗീയ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ (ഷൂട്ട് അറ്റ് സൈറ്റ്) ഉത്തരവിട്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബക്രീദ് ആഘോഷത്തിന് പിന്നാലെ കഴിഞ്ഞദിവസം ധുബ്രിയിലെ ഹനുമാന്‍ ക്ഷേത്രത്തിന് മുന്നില്‍ പശുവിന്റെ തല കണ്ടെത്തിയതോടെയാണ് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തത്.
സംഘർഷത്തിന് പിന്നാലെ സാമുദായിക നേതാക്കള്‍ യോഗം ചേര്‍ന്ന് പ്രശ്‌നം പരിഹരിച്ചിരുന്നു. എന്നാൽ അടുത്ത ദിവസം വീണ്ടും അതേസ്ഥലത്ത് പശുവിന്റെ തല കണ്ടെത്തിയെന്ന് ആരോപിച്ച് സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. ഏതെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കല്ലേറ് ഉള്‍പ്പെടെയുളള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വെടിവെക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘ജില്ലയിലെ ക്രിമിനല്‍ പശ്ചാത്തലമുളള എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷബാധിത മേഖലയില്‍ കേന്ദ്രസേനയെ വിന്യസിച്ചതായും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ധുബ്രി ജില്ലയില്‍ ഭൂരിഭാഗവും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളാണ്. കഴിഞ്ഞ ഞായറാഴ്ച്ച മുതലാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. തിങ്കളാഴ്ച്ചയോടെ സ്ഥിതിഗതികള്‍ വഷളാവുകയും പ്രതിഷേധങ്ങളും കല്ലേറുമുണ്ടാവുകയായിരുന്നു. അക്രമികളെ തുരത്താന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ജില്ലയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

