വാർത്ത റിപ്പോർട്ടിങ്ങിന്‍റെ പേരിലെ വർഗീയ ധ്രുവീകരണം അവസാനിപ്പിക്കണം -ഇന്ത്യ ടുഡേ ഗ്രൂപ്പിന് പൂർവവിദ്യാർഥികളുടെ കത്ത്
text_fieldsന്യൂഡൽഹി: വാർത്ത റിപ്പോർട്ടിങ്ങിന്‍റെ പേരിൽ നടത്തുന്ന വർഗീയ ധ്രുവീകരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ ടുഡേ ഗ്രൂപ്പിന് കത്തെഴുതി കമ്പനി നടത്തുന്ന സ്കൂളിലെ പൂർവ വിദ്യാർഥികൾ. ദേശീയ തലസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ വസന്ത് വാലി സ്കൂളിലെ പൂർവവിദ്യാർഥികളാണ് നടത്തിപ്പുകാരായ ഇന്ത്യാ ടുഡേ ഗ്രൂപ്പിന് കത്തെഴുതിയിരിക്കുന്നത്.
ഇംഗ്ലീഷ് വാർത്ത ചാനൽ ഇന്ത്യ ടുഡേ, ഹിന്ദി ചാനൽ ആജ് തക് എന്നിവയുൾപ്പെടെ ഇന്ത്യാ ടുഡേ ഗ്രൂപ്പിന്‍റേതാണ്. 18 ബാച്ചുകളിലെ 165 വിദ്യാർഥികളാണ് കത്തെഴുതിയിരിക്കുന്നത്. വസന്ത് വാലി സ്കൂളിൽനിന്നും പഠിച്ച സ്വാതന്ത്ര്യം, നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ തത്വങ്ങളെ നിരന്തരം തുരങ്കം വെയ്ക്കുന്ന തരത്തിലുള്ള വാർത്ത ചാനലുകളിലെ ഉള്ളടക്കം കണ്ട് ഞെട്ടിപ്പോയെന്ന് ഇന്ത്യ ടുഡേ മാഗസിന്‍റെയും വാർത്ത ചാനലുകളുടെയും എഡിറ്റർ ഇൻ ചീഫ് ആയ അരൂൺ പൂരിക്ക് മെയിൽ ചെയ്ത കത്തിൽ പറയുന്നു.
‘അടിയന്തരാവസ്ഥ, 1984-ലെ ഡൽഹി കലാപം, 2002-ലെ ഗുജറാത്ത് കലാപം തുടങ്ങി നമ്മുടെ രാജ്യത്തെ ചില ഇരുണ്ട നാളുകളിൽ പോലും ഇന്ത്യ ടുഡേ പുലർത്തിയ ചരിത്രപരമായ പൈതൃകം കണക്കിലെടുത്ത് പൂർവവിദ്യാർത്ഥികളായ ഞങ്ങളിൽ പലരും അഭിമാനം കൊള്ളുന്ന കൂട്ടായ്മയാണിത്. നിങ്ങൾ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നാണ് സ്വാതന്ത്ര്യം, നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ഭരണഘടനാ തത്വങ്ങൾ ഞങ്ങൾ പഠിച്ചത്. ഖേദകരമെന്നു പറയട്ടെ, ഇതേ മൂല്യങ്ങളെയാണ് ഇന്ത്യാ ടുഡേയിൽ പലരും ഇപ്പോൾ നിരന്തരം തുരങ്കം വെച്ചുകൊണ്ടിരിക്കുന്നത്.’
ഞങ്ങൾ ചോദിക്കുന്ന ഒരേയൊരു കാര്യം, ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ചെയർമാനും എഡിറ്റർ ഇൻ ചീഫും എന്ന നിലയിൽ, നിങ്ങളുടെ ചാനലുകളിൽനിന്നുള്ള വിദ്വേഷം തടയുകയും വാർത്താ റിപ്പോർട്ടിങ്ങിന്റെ മറവിൽ പരസ്യമായി വർഗീയ ധ്രുവീകരണത്തിൽ ഏർപ്പെടുന്നവരെ നേരിടണം എന്നാണ്. ഇന്ത്യാ ടുഡേയിലെ ചില വാർത്താ അവതാരകരുടെ, പ്രത്യേകിച്ച് ആജ് തക്കിലെ ചില അവതാരകരുടെ നിലപാടുകൾ അങ്ങേയറ്റം ആശങ്കാജനകമാണ്. മുസ്‌ലിംകളുടെ കെട്ടിടങ്ങൾ തകർത്തതും ബുൾഡോസർ രാജുമെല്ലാം ചോദ്യം ചെയ്യുന്നതിന് പകരം അതെല്ലാം പ്രൈംടൈം അവതാരകർ നീതീകരിക്കുന്നതാണ് കണ്ടത് -കത്തിൽ പറയുന്നു.
സെപ്റ്റംബർ 13ന് അയച്ച ഇ-മെയിലിന് പൂർവ വിദ്യാർഥികൾക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കത്തിന് മറുപടി തേടി മറ്റൊരു കത്ത് തിങ്കളാഴ്ച ‘ദി വയർ’ അയച്ചെങ്കിലും ഇതിനും പ്രതികരണമൊന്നും ലഭിച്ചില്ല.