വാർത്തകളുടെ വർഗീയ നിറം രാജ്യത്തിന് ചീത്തപ്പേര് –ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: എല്ലാം വർഗീയ കാഴ്ചപ്പാടോടെ കാണിക്കുന്ന ചില മാധ്യമങ്ങൾ ആത്യന്തികമായി രാജ്യത്തിനാണ് ചീത്തപ്പേരുണ്ടാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ കേന്ദ്ര സർക്കാറിനെ ഒാർമിപ്പിച്ചു. നിസാമുദ്ദീൻ മർകസിൽ തബ്ലീഗ് ജമാഅത്ത് ചടങ്ങുമായി ബന്ധിപ്പിച്ച് കോവിഡിന് വർഗീയ നിറം നൽകിയ മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിെൻറ വിമർശനം.
വെബ്സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും വരുന്ന വ്യാജ വാർത്തകളിൽ സുപ്രീംകോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. വെബ് പോർട്ടലുകൾക്കും യൂടൂബ് ചാനലുകൾക്കും ഒരു ഉത്തരവാദിത്തമില്ലെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. ശക്തമായ ശബ്ദങ്ങൾ മാത്രമേ വെബ് പോർട്ടലുകൾ ശ്രദ്ധിക്കുന്നുള്ളൂ. ഒരു ഉത്തരവാദിത്തവുമില്ലാതെ ജഡ്ജിമാർക്കും (ഭരണഘടന) സ്ഥാപനങ്ങൾക്കുമെതിരെ എന്തും എഴുതുകയാണ്.
ശക്തരെ മാത്രമാണ് അവർക്ക് ഭയം. ജഡ്ജിമാരെയോ സ്ഥാപനങ്ങളെയോ സാധാരണ ജനങ്ങളെയോ പേടിയില്ല. യൂടുബിൽ പോയി നോക്കിയാൽ ഒരുമിനിറ്റിനകം അറിയാം എങ്ങനെയാണ് വ്യാജ വാർത്ത പരക്കുന്നതെന്ന്. ആർക്കും യൂടുബിൽ ചാനൽ തുടങ്ങാം. വെബ് പോർട്ടലുകൾക്കെതിരെ എന്തെങ്കിലും നടപടി എടുത്തതായി ഇതുവരെ കണ്ടിട്ടില്ല. നന്നെചുരുങ്ങിയത് നാഷനൽ ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേർഡ്സ് അതോറിറ്റി(എൻ.ബി.എസ്.എ) കോടതിയോട് പ്രതികരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. വെബ്സൈറ്റുകളെയും ടി.വി ചാനലുകളെയും നിയന്ത്രിക്കുന്നത് സംബന്ധിച്ച കേന്ദ്ര സർക്കാർ നിലപാട് സുപ്രീംകോടതി ചോദ്യം ചെയ്തു. വർഗീയ വാർത്തകൾ മാത്രമല്ല, നട്ടുപിടിപ്പിച്ച വാർത്തകളുമുണ്ടെന്ന് കേന്ദ്ര സർക്കാറിെൻറ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസിനെ ബോധിപ്പിച്ചു. െഎ.ടി ചട്ടങ്ങൾ പ്രകാരമുള്ള നടപടികളിൽനിന്ന് കേരള ഹൈകോടതി തങ്ങൾക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്ന് എൻ.ബി.എസ്.എ അഭിഭാഷകൻ ബോധിപ്പിച്ചു. പുതിയ െഎ.ടി ചട്ടങ്ങൾക്ക് എതിരെ വിവിധ ഹൈകോടതികളിൽ സമർപ്പിച്ച ഹരജികളെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് എസ്.ജി ആവശ്യപ്പെട്ടു. ഇൗ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി കേസ് ആറാഴ്ചത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

