നേപ്പാളിൽ ഇന്ത്യൻ അതിർത്തി പ്രദേശത്ത് വർഗീയ സംഘർഷം; രാജ്യാതിർത്തി അടച്ചു
text_fieldsബിർഗഞ്ച്: ഇന്ത്യൻ അതിർത്തിയോട് ചേർന്ന നേപ്പാളിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സമൂഹ മാധ‍്യമങ്ങളിൽ പ്രചരിച്ച ഒരു വിഡിയോയെച്ചൊല്ലി നേപ്പാളിലെ പർസ ജില്ലയിലെ ബിർഗഞ്ച് നഗരത്തിലാണ് സംഘർഷം ആരംഭിച്ചത്. പ്രതിഷേധം അക്രമാസക്തമായതോടെ, ബിഹാറിലെ റക്സോളിന് സമീപമുള്ള ബിർഗഞ്ച് നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തി.
സംഘർഷം രൂക്ഷമായതോടെ നേപ്പാളുമായുള്ള അതിർത്തി ഇന്ത്യ പൂർണമായി അടച്ചു. അടിയന്തര സേവനങ്ങൾക്കൊഴികെ മറ്റെല്ലാ തരം അതിർത്തി കടന്നുള്ള യാത്രകൾക്കും നിരോധനം ഏർപ്പെടുത്തി.
നേപ്പാളിലെ ധനുഷ ജില്ലയിലെ കമല മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന ഹൈദർ അൻസാരി, അമാനത്ത് അൻസാരി എന്നീ യുവാക്കൾ സമൂഹ മാധ‍്യമങ്ങളിൽ പങ്കുവെച്ച വിഡിയോയാണ് സംഘർഷങ്ങൾക്ക് കാരണമായത്. ഇതര സമുദായങ്ങളെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ വിഡിയോയിലുണ്ടെന്ന ആരോപണമാണ് ധനുഷ, പർസ ജില്ലകളിൽ സംഘർഷത്തിന് വഴിതെളിച്ചത്.
നാട്ടുകാർ ഈ യുവാക്കളെ പിടികൂടി പൊലീസിലേൽപിച്ചു. ഇതിനിടെ, കമലയിലെ സഖുവ മാരൻ മേഖലയിലെ ഒരു പള്ളിക്ക് നേരെ ആക്രമണമുണ്ടായി. ഇതോടെ, സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയും ആളുകൾ തെരുവിലിറങ്ങുകയും ചെയ്തു.
ഇതിനിടെ, ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടായതായി ആരോപിച്ച് ഹിന്ദു സംഘടനകളും രംഗത്തെത്തി. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നിലവിൽ ബിർഗഞ്ചിൽ കർഫ്യൂ തുടരുകയാണ്.
അതിനിടെ, നേപ്പാളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

