കൊമേഡിയൻ മുനവ്വർ ഫാറൂഖി ജയിൽ മോചിതനായി
text_fieldsഇന്ദോർ: സുപ്രീംകോടതിയിൽനിന്ന് ജാമ്യം ലഭിച്ചതിനു പിന്നാലെ സ്റ്റാൻഡപ് കൊമേഡിയൻ മുനവ്വർ ഫാറൂഖി ജയിൽ മോചിതനായി. മതവികാരം വ്രണെപ്പടുത്തുന്ന തരത്തിൽ പരാമർശം നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ഫാറൂഖിയെ ജനുവരി ഒന്നു മുതൽ ഇന്ദോർ സെൻട്രൽ ജയിലിൽ അടച്ചിരിക്കുകയായിരുന്നു. ജനുവരി 28ന് മധ്യപ്രദേശ് ഹൈകോടതി ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതിനു മുമ്പ് മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും ജാമ്യം നിഷേധിച്ചു. എന്നാൽ, വെള്ളിയാഴ്ച സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
തുടർന്ന് ശനിയാഴ്ച രാത്രി വൈകി ജയിലിൽനിന്നു പുറത്തിറങ്ങി. ഫാറൂഖിയുടെ ജാമ്യ വാർത്ത അറിഞ്ഞ് മാധ്യമപ്രവർത്തകർ ജയിലിെൻറ പ്രധാന കവാടത്തിനു മുന്നിൽ കാത്തിരുന്നെങ്കിലും ഇവർ കാണാതെ ജയിലിെൻറ മെറ്റാരു വാതിലിലൂടെയാണ് ഫാറൂഖിയെ അധികൃതർ പുറത്തെത്തിച്ചത്. പുറത്തിറങ്ങിയ ഫാറൂഖി മൗനം പാലിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഹിന്ദു ദൈവങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് ബി.ജെ.പി എം.എൽ.എ മാലിനി ലക്ഷ്മൺ സിങ്ങിെൻറ മകൻ ഏകലവ്യ സിങ് ഗൗർ നൽകിയ പരാതിയെ തുടർന്നാണ് ഫാറൂഖിയെയും മറ്റു നാലുപേരെയും മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, ഹാസ്യ പരിപാടിയുടെ സംഘാടകരുടെ നിർദേശമനുസരിച്ച് പരിപാടി അവതരിപ്പിക്കുക മാത്രമാണ് മുനവ്വർ ഫാറൂഖി ചെയ്തതെന്നും ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഫാറൂഖിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

