വരൂ, പാർലമെന്റിൽ സംവദിക്കാം ; രാഹുലിന് മറുപടിയുമായി അമിത് ഷാ
text_fieldsന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടുകളെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ, വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിന് പകരം പാർലമെന്റിലെത്തി ചർച്ച നടത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തുറന്ന ചർച്ച വേണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യത്തോടുള്ള പ്രതികരണമായിരുന്നു ഇത്.
ചർച്ചക്ക് തയ്യാറാണെങ്കിൽ പ്രധാനമന്ത്രിക്ക് കത്തയക്കണമെന്നും ഇതിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ സർക്കാർ തയ്യാറാണെന്നും അമിത് ഷാ വ്യക്തമാക്കി. എസ്.ഐ.ആർ പരിശോധനയുമായി ബന്ധപ്പെട്ട വിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ കർണാലിൽ നടന്ന റാലിയിലായിരുന്നു പ്രതികരണം.
തെരഞ്ഞെടുപ്പുകളിൽ വോട്ട് മോഷണം നടക്കുന്നുവെന്ന കോൺഗ്രസിന്റെ ആരോപണത്തെയും അമിത് ഷാ ചോദ്യം ചെയ്തു. 2014, 2019, 2024 വർഷങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ എസ്.ഐ.ആർ ഉണ്ടായിരുന്നില്ലെങ്കിലും കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വോട്ടർപട്ടികയിൽ നിന്ന് 13 കോടി പേരുകൾ നീക്കം ചെയ്തെന്ന രാഹുൽ ഗാന്ധിയുടെ വാദവും അമിത് ഷാ തള്ളി. മരിച്ചവർ, താമസം മാറിയവർ, ഇരട്ടപ്പേരുകൾ എന്നിവ കണ്ടെത്തി ഒഴിവാക്കുകയാണ് എസ്.ഐ.ആറിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, എസ്.ഐ.ആറിന്റെ പേരിൽ അർഹരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുകയാണെന്നാണ് കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ആരോപണം. പരിശോധനയിൽ സുതാര്യത ഉറപ്പാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. എസ്.ഐ.ആറിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം തുടരുന്നതിനിടെയാണ് പാർലമെന്റിൽ പ്രത്യേക ചർച്ച നടത്താമെന്ന അമിത് ഷായുടെ പ്രഖ്യാപനം. പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്ക് പാർലമെന്റിൽ മറുപടി നൽകാൻ സർക്കാർ തയ്യാറാണെന്ന നിലപാടാണ് ഇതിലൂടെ കേന്ദ്രമന്ത്രി വ്യക്തമാക്കുന്നത്.

