ന്യൂഡൽഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹൽ കാണാനുള്ള ടിക്കറ്റ് നിരക്ക് ഏപ്രിൽ ഒന്നു മുതൽ 10 രൂപ വർധിപ്പിക്കും. താജ്മഹലിനകത്തെ പ്രധാന ഖബറിടം കാണുന്നതിന് 200 രൂപ പ്രത്യേക ഫീസ് ഇൗടാക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. സന്ദർശകരുടെ എണ്ണം കുറച്ച് താജ്മഹൽ സംരക്ഷിക്കാനാണ് നടപടിയെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരു ടിക്കറ്റിൽ താജ്മഹൽ വളപ്പിനകത്ത് മൂന്ന് മണിക്കൂർ ചെലവഴിക്കാനേ അനുമതിയുണ്ടാകൂ.
താജ്മഹൽ കാണാൻ 40 രൂപ ടിക്കറ്റ് എടുക്കുന്നവർ സൗജന്യമായി കണ്ടുകൊണ്ടിരിക്കുന്ന ഖബറിടത്തിനാണ് 200 രൂപ പ്രത്യേക ഫീസ് ഏർപ്പെടുത്തിയത്. ഇൗ ഖബറിടത്തിൽ ഉത്തേരന്ത്യയിലെ മുസ്ലിംകൾ പ്രാർഥനയും വഴിപാടും നടത്താറുണ്ട്. പഴയ ടിക്കറ്റുകളുടെ സ്ഥാനത്ത് പുതിയ ബാർകോഡുള്ള ടിക്കറ്റുകളായിരിക്കും.
വിദേശ സഞ്ചാരികൾക്കുള്ള ടിക്കറ്റ് നിരക്ക് 1250 രൂപ തന്നെയായിരിക്കുമെന്നും അവരുടെ സുരക്ഷക്ക് കൂടുതൽ നടപടികളെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അകത്തേക്ക് കടക്കാനും പുറത്തേക്കു വരാനും ഒരേവഴി മാത്രമുള്ളതുകൊണ്ടാണ് അവിടേക്ക് വരാൻ താൽപര്യമുള്ളവരെ മാത്രം പ്രവേശിപ്പിക്കുന്ന തരത്തിൽ ഖബറിടത്തിന് പ്രത്യേക ഫീസ് നിശ്ചയിക്കുന്നതെന്ന് മന്ത്രി ന്യായീകരിച്ചു.
സന്ദർശകരുടെ ആധിക്യം സംരക്ഷണെത്ത ബാധിക്കുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചതിനെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിളിച്ച യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് മന്ത്രി വിശദീകരിച്ചു. താജ്മഹലിലും പരിസരങ്ങളിലും സി.സി.ടി.വി കാമറ സ്ഥാപിക്കും.
അയോധ്യയിൽ രാമ മ്യൂസിയവും ഗോരഖ്പൂരിൽ ഗോരഖ്നാഥ് മ്യൂസിയവും അലഹബാദിൽ കുംഭ് മ്യൂസിയവും സ്ഥാപിക്കുന്നതിനുള്ള നടപടി പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.