ശശി തരൂരിന്റെ ഇടപെടൽ; പാകിസ്താനെ പിന്തുണക്കുന്ന പ്രസ്താവന കൊളംബിയ പിൻവലിച്ചു
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിൽ പാകിസ്താനിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അർപ്പിച്ച കൊളംബിയൻ സർക്കാറിന്റെ പ്രസ്താവന പിൻവലിച്ചു. കൊളംബിയന്‍ ഉപവിദേശകാര്യ മന്ത്രി റോസ യോലാന്‍ഡ വില്ലാവിസെന്‍സിയോ ആണ് ഔദ്യോഗികമായി പ്രസ്താവന പിൻവലിക്കുന്നു എന്ന് അറിയിച്ചത്. ശശി തരൂർ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് കൊളംബിയ പ്രസ്താവന പിൻവലിച്ചത്.
‘തങ്ങൾ കൊളംബിയൻ വിദേശകാര്യ മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തിയതായി’ ശശി തരൂർ പറഞ്ഞു. ‘ആ പ്രസ്താവന പിൻവലിച്ചതായി അറിഞ്ഞതിൽ തങ്ങൾക്ക് വളരെ സന്തോഷമുണ്ട്, കൂടാതെ കൊളംബിയയിലെ ജനങ്ങളുടെ പ്രതിനിധികൾ എന്ന നിലയിൽ ഇന്ത്യയുടെ പരമാധികാരത്തിനും ലോക സമാധാനത്തിനും വേണ്ടി ഞങ്ങളോടൊപ്പം നിൽക്കാൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുന്നതിലും വളരെ സന്തോഷമുണ്ട്’.
‘നമ്മുടെ ജനങ്ങൾക്കും പ്രതിനിധികൾക്കും ഇടയിൽ ഇത്തരത്തിലുള്ള സംഭാഷണം തുടരുന്നതിൽ സന്തോഷിക്കുന്നതായും’ ശശി തരൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതിനിടെ പ്രതിനിധി സംഘത്തിന്റെ വിശദീകരണവും ഇടപെടലും കൊളംബിയയെ നിലപാട് മാറ്റാൻ പ്രേരിപ്പിച്ചതിൽ നിർണായക പങ്കുവഹിച്ചുവെന്ന് അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു പറഞ്ഞു.
ഭീകരതയോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഭാഗമായി അമേരിക്കയിലുടനീളമുള്ള പര്യടനത്തിലാണ് ശശി തരൂർ ബഹുകക്ഷി സംഘത്തെ നയിക്കുന്നത്. പനാമ, ഗയാന സന്ദർശനങ്ങൾക്ക് ശേഷമാണ് പ്രതിനിധി സംഘം വ്യാഴാഴ്ച കൊളംബിയയിലെത്തിയത്. ശേഷം സംഘം ശനിയാഴ്ച ബ്രസീലിലേക്കും അമേരിക്കയിലേക്കും പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

