ജസ്റ്റിസുമാരെ നിയമിക്കാൻ കൊളീജിയം ശിപാർശ
text_fields ന്യൂഡൽഹി: കൽക്കത്ത ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ ഉൾപ്പടെ എട്ടു ജഡ്ജിമാരെ ഹൈകോടതി ചീഫ് ജസ്റ്റിസുമാരാക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയം ശിപാർശചെയ്തു. അലഹബാദ്, ഗുജറാത്ത്, കൽക്കത്ത, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന, മേഘാലയ, മധ്യപ്രദേശ് എന്നീ ഹൈകോടതികളിലേക്കാണ് ജഡ്ജിമാരെ ശിപാർശ ചെയ്തത്.
ത്രിപുര ഹൈകോടതി ചീഫ് ജസ്റ്റിസ് ആഖിൽ ഖുറേശി ഉൾപ്പെടെ അഞ്ചു ചീഫ് ജസ്റ്റിസുമാരേയും 28 ഹൈകോടതി ജഡ്ജിമാരെയും മാറ്റി നിയമിക്കാനും നിർദേശിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടന്ന മാരത്തൺ യോഗത്തിലാണ് ശിപാർശ. പശ്ചിമ ബംഗാളിലെ ബി.ജെ.പി- തൃണമൂൽ രാഷ്ട്രീയ പോരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഭരണപരവും നിയമപരവുമായ തീരുമാനങ്ങളോടെ വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് കൽക്കത്ത ഹൈകോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ.
രാജ്യത്തെ ഏറ്റവും മുതിർന്ന ഹൈകോടതി ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് ഖുറൈശിയാവട്ടെ സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നൽകാതിരുന്നതിനെ തുടർന്ന് ശ്രദ്ധിക്കപ്പെട്ട നിയമജ്ഞനാണ്. ജസ്റ്റിസ് ഖുറൈശിയെ ത്രിപുരയിൽനിന്നും രാജസ്ഥാൻ ഹൈകോടതിയിലേക്ക് മാറ്റാനാണ് ശിപാർശ. ജസ്റ്റിസുമാരായ യു.യു ലളിത്, എ.എം ഖാൻവിൽകർ എന്നിവരും കൊളീജിയം അംഗങ്ങളാണ്.