കോയമ്പത്തൂർ: മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി പ്രണയത്തിൽ നിന്ന് പിന്മാറിയ കോളജ് വിദ്യാർഥിനിയെ യുവാവ് വീട്ടുകാരുടെ മുന്നിലിട്ട് കുത്തിക്കൊന്നു. കോയമ്പത്തൂർ പേരൂർ എം.ആർ. ഗാർഡൻ സ്വദേശി എം. ശക്തിവേലിെൻറ മകൾ എസ്. ഐശ്വര്യ (18) ആണ് കൊല്ലപ്പെട്ടത്. എം.ആർ. ഗാർഡനിൽ തന്നെ മോട്ടോർ വൈൻഡിങ് വർക്ഷോപ്പിൽ ജോലി ചെയ്യുന്ന സി. രതീഷ് (20) ആണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കത്തിക്കുത്തിൽ ശക്തിവേലിനും പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ടി.എസ്.എ ആർട്സ്, സയൻസ് ആൻഡ് തമിൾ കോളജിലെ ആദ്യവർഷ ബി.കോം വിദ്യാർഥിനിയായ ഐശ്വര്യയും രതീഷും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാൽ വ്യത്യസ്ത ജാതിയിൽപ്പെട്ട ഇരുവരുടെയും പ്രണയം ഐശ്വര്യയുടെ വീട്ടുകാർ എതിർത്തു. തുടർന്ന് കഴിഞ്ഞ നാല് മാസത്തോളമായി ഐശ്വര്യ രതീഷിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല.
ലോക്ഡൗൺ കാരണം രതീഷിനും ഐശ്വര്യയുടെ വീട്ടിലെത്തി കാണാനായില്ല. പലതവണ ഫോണിൽ വിളിച്ചെങ്കിലും എടുക്കാഞ്ഞതിനാൽ വെള്ളിയാഴ്ച രാത്രി രതീഷ് ഐശ്വര്യയുടെ വീടിന് സമീപമെത്തുകയായിരുന്നു. സംസാരിക്കാൻ ഇറങ്ങി വരണമെന്ന് ആവശ്യപ്പെട്ടപ്പോൾ പിതാവിനൊപ്പമാണ് ഐശ്വര്യ പോയത്. ഇരുവരും എത്തിയയുടൻ രതീഷ് കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് ഐശ്വര്യയുടെ നെഞ്ചിലും വയറിലും കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ശക്തിവേലിെൻറ കൈകളിലും കുത്തേറ്റു. ബഹളം കേട്ട് അയൽക്കാർ ഓടി വന്നപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയോടെ ഐശ്വര്യ മരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽപോയ രതീഷിനെ പൊലീസ് തിരയുന്നു.