കോളജുകൾ സർട്ടിഫിക്കറ്റ് വാങ്ങിവെക്കരുത്
text_fieldsന്യൂഡൽഹി: വിദ്യാർഥികളുടെ അസ്സൽ (ഒറിജിനൽ) സർട്ടിഫിക്കറ്റ് പിടിച്ചുവെക്കാൻ കോളജുകൾക്ക് അധികാരമില്ലെന്ന് യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷൻ (യു.ജി.സി). ഇതുസംബന്ധിച്ച വിജ്ഞാപനം യു.ജി.സി പുറത്തിറക്കി. പ്രവേശനത്തിന് വിദ്യാർഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് നൽകിയാൽ മതി. പ്രവേശനസമയത്ത് അസ്സൽ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ മാത്രമേ കോളജുകൾക്ക് അധികാരമുള്ളൂ. പ്രവേശനം നേടിയ വിദ്യാർഥികൾ പിന്നീട് സ്ഥാപനം മാറുകയോ കോഴ്സ് ഉപേക്ഷിക്കുകയോ ചെയ്യുകയാണെങ്കിൽ വാങ്ങിയ ഫീസ് കോളജുകൾ തിരിച്ചുനൽകണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
ഫീസ് തിരിച്ചുനൽക്കേണ്ട ഉപാധികൾ ഇങ്ങനെ: പ്രവേശന നടപടികൾ അവസാനിക്കുന്നതിെൻറ 15 ദിവസം മുമ്പാണ് വിദ്യാർഥി അറിയിക്കുന്നതെങ്കിൽ മുഴുവൻ ഫീസും 15 ദിവസത്തിനകത്താണെങ്കിൽ 90 ശതമാനം ഫീസും കോളജ് തിരികെ നൽകണം. പ്രവേശനം പൂര്‍ത്തിയായി 15 ദിവസത്തിനുള്ളിലാണെങ്കിൽ 80 ശതമാനം ഫീസും 15 ദിവസം മുതല്‍ ഒരു മാസത്തിനിടെ ആണെങ്കിൽ 50 ശതമാനം ഫീസും മടക്കി നൽകണം. എന്നാൽ, സ്ഥാപനങ്ങൾക്ക് പ്രവേശന നടപടിക്രമങ്ങളുടെ ചെലവിലേക്ക് ഫീസിെൻറ അഞ്ചു ശതമാനമോ പരമാവധി 5000 രൂപ വരെയോ ഇൗടാക്കാം. പ്രവേശന നടപടികൾ അവസാനിച്ച് ഒരു മാസത്തിനുശേഷമാണെങ്കിൽ ഫീസ് മടക്കിനൽകേണ്ടതില്ല.
പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ, ഗ്രാൻറ് എടുത്തുകളയൽ, അനുമതി റദ്ദാക്കൽ തുടങ്ങിയ നടപടികൾ നേരിടേണ്ടിവരുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. അടുത്ത വിദ്യാഭ്യാസ വർഷം മുതൽ ചട്ടം പ്രാബല്യത്തിൽ വരുമെന്നും എൻജിനീയറിങ് കോളജുകൾക്കും നിർദേശം ബാധകമാണെന്നും മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
