കോയമ്പത്തൂർ ബലാൽസംഗക്കേസ്: മൂന്ന് പ്രതികളെ പൊലീസ് വെടിവച്ചു വീഴ്ത്തി പിടികൂടി
text_fieldsപെൺകുട്ടി ആക്രമണത്തിനിരയായ വിജന സ്ഥലം
കോയമ്പത്തൂർ: കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 19 വയസ്സുള്ള കോളജ് വിദ്യാർഥിനിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതികളായ മൂന്ന് പേരെ ചൊവ്വാഴ്ച പൊലീസ് വെടിവെച്ചു വീഴ്ത്തി കീഴടക്കി. നവംബർ 2ന് നടന്ന ലൈംഗികാക്രമണം സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിനു വഴിവെച്ചിരുന്നു. സ്ത്രീ സുരക്ഷയെച്ചൊല്ലി പ്രതിപക്ഷ പാർട്ടികൾ തമിഴ്‌നാട് സർക്കാറിനെതിരെ വിമർശനം അഴിച്ചുവിട്ടു.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഗുണ, സതീഷ്, കാർത്തിക് എന്നീ മൂന്ന് പ്രതികളെ വെള്ളിക്കിനാരുവിലെ ഒരു ഒറ്റപ്പെട്ട പ്രദേശത്തു നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘം വളഞ്ഞപ്പോൾ, രക്ഷപ്പെടാൻ ശ്രമിച്ച മൂവരും ഉദ്യോഗസ്ഥരെ ആക്രമിച്ചതായും ഒരു കോൺസ്റ്റബിളിന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
തുടർന്ന് ഉദ്യോഗസ്ഥർ വെടിയുതിർത്തു. ഇവരിൽ ഒരാളുടെ ഒരു കാലിനും മറ്റ് രണ്ട് പേരുടെ രണ്ട് കാലുകളിലും പരിക്കേറ്റതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്കേറ്റ പ്രതികളെയും കോൺസ്റ്റബിളിനെയും ചികിത്സക്കായി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെയും പിന്നീട് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.
കോയമ്പത്തൂർ വിമാനത്താവളത്തിനു സമീത്തുവെച്ചാണ് 19 വയസ്സുള്ള ഒരു വിദ്യാർഥിനിയെയും ആൺസുഹൃത്തിനെയും മൂന്ന് അജ്ഞാതർ ആക്രമിച്ചത്. കൂട്ടുകാരനെ ഓടിച്ചുവിട്ട ശേഷം പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. പരിക്കേറ്റ സുഹൃത്ത് പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തി ഇരയെ കണ്ടെത്തുകയും രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഈ ക്രൂരമായ ആക്രമണം തമിഴ്‌നാട്ടിലുടനീളം വൻ പ്രതിഷേധമുയർത്തി. പ്രതിപക്ഷ നേതാക്കളിൽ നിന്നടക്കം കടുത്ത വിമർശനത്തിന് ഇടയാക്കി. എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസ്ഥാന സർക്കാർ സ്ത്രീ സുരക്ഷയെ അവഗണിച്ചുവെന്ന് ആരോപിച്ചു. ബി.ജെ.പി നേതാക്കളും ഡി.എം.കെക്കെതിരെ ആഞ്ഞടിച്ചു. കേസിൽ ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ എത്രയും വേഗം ഉറപ്പാക്കാനും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അധികാരികൾക്ക് നിർദേശം നൽകുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

