കോയമ്പത്തൂർ സ്ഫോടന പരമ്പര കേസ്: 27 വർഷത്തിനു ശേഷം മുഖ്യപ്രതി പിടിയിൽ
text_fieldsചെന്നൈ: 1998ലെ കോയമ്പത്തൂർ സ്ഫോടന പരമ്പര കേസിലെ പ്രധാന പ്രതികളിലൊരാളായ അൽഉമ്മ പ്രവർത്തകൻ സാദിഖ് എന്ന ടെയ്‌ലർ രാജയെ (48) വ്യാഴാഴ്ച കർണാടകയിൽനിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ കനത്ത സുരക്ഷയിൽ കോയമ്പത്തൂരിലെത്തിച്ചു.
തയ്യൽ ജോലിക്കാരനായ ഇയാൾ കോയമ്പത്തൂർ ഉക്കടം ബിലാൽ എസ്റ്റേറ്റ് ഭാഗത്താണ് താമസിച്ചിരുന്നത്. ’98 ഫെബ്രുവരി 14ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോയമ്പത്തൂരിൽ മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി പങ്കെടുത്ത വേദിക്കു സമീപം ബോംബ് സ്ഫോടനമുണ്ടായി. തുടർന്ന് കോയമ്പത്തൂർ നഗരത്തിന്റെ 14 ഇടങ്ങളിലും ബോംബ് സ്ഫോടനങ്ങളുണ്ടായി. ഇതിൽ 58 പേർ കൊല്ലപ്പെടുകയും 231 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രാജ്യത്തെ നടുക്കിയ ഈ സംഭവം തമിഴ്നാട് പൊലീസിലെ പ്രത്യേക വിഭാഗ(എസ്.ഐ.ടി)മാണ് അന്വേഷിച്ചത്. നിരോധിത സംഘടനയായ അൽഉമ്മയുടെ സ്ഥാപക പ്രസിഡന്റ് എസ്.എ. ബാഷ, പി.ഡി.പി സ്ഥാപക നേതാവ് അബ്ദുന്നാസിർ മഅ്ദനി ഉൾപ്പെടെ 166 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ മിക്ക പ്രതികൾക്കും പ്രത്യേക കോടതി ശിക്ഷ വിധിച്ചു. അതേസമയം മഅ്ദനിയെ വെറുതെവിട്ടു. ബാഷ ഉൾപ്പെടെ 17 പ്രതികൾക്ക് ജീവപര്യന്തം തടവും വിധിച്ചു. പ്രതികളിൽ ചിലർ ഇപ്പോഴും ജയിലിലാണ്. കേസിൽ ടെയ്‍ലർ രാജ, മുജീബ് റഹ്മാൻ എന്നിവർ മാത്രമാണ് ഒളിവിൽപോയത്.
കോയമ്പത്തൂർ സ്േഫാടന പരമ്പരക്കാവശ്യമായ ബോംബുകൾ ടെയ്‍ലർ രാജ കോയമ്പത്തൂർ വള്ളൽനഗറിൽ വാടകക്കെടുത്ത വീട്ടിലാണ് നിർമിച്ചിരുന്നത്. ഇവ വിവിധയിടങ്ങളിലേക്ക് എത്തിച്ചിരുന്നതും ഇയാളായിരുന്നു. 1996ൽ പെട്രോൾ ബോംബ് ആക്രമണത്തിൽ ജയിൽ വാർഡൻ ഭൂപാളൻ കൊല്ലപ്പെട്ട കേസ്, നാഗൂർ സയീദ കൊലപാതക കേസ്, ’97ൽ മധുരയിൽ ജയിലർ ജയപ്രകാശ് വധക്കേസ് എന്നിവയിലും ടെയ്‍ലർ രാജ പ്രതിചേർക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

