പ്രണയാഭ്യർഥന നിരസിച്ചു; യുവതിയുടെ വീടിനുനേരെ പെട്രോൾ ബോംബ് ആക്രമണം
text_fieldsകോയമ്പത്തൂർ: തമിഴ്നാട്ടിൽ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതിയുടെ വീടിനുനേരെ പെട്രോൾ ബോംബ് ആക്രമണം. കോയമ്പത്തൂരിൽ കാർത്തിക് എന്ന മാരിയപ്പനും കൂട്ടാളികളും ചേർന്നാണ് ആക്രമണം നടത്തിയത്. കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളജിൽ ബി.ജി പഠിക്കുന്ന 21 കാരി ഇൻസ്റ്റഗ്രാം വഴിയാണ് കാർത്തിക്കുമായി പരിചയപ്പെട്ടത്. ബന്ധം പ്രണയമായി വളർന്നു. എന്നാൽ, ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് മനസിലാക്കിയ യുവതി ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതിനുശേഷം കാർത്തിക് യുവതിയെ ഫോണിലൂടെയും നേരിട്ടും നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് രണ്ട് ബൈക്കുകളിലായി യുവതിയുടെ വീട്ടിലെത്തിയ കാർത്തിക്കും സംഘവും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. യുവതിയുടെ പിതാവിനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ശേഷം ഇവർ പെട്രോൾ നിറച്ച കുപ്പികൾ വീടിനുള്ളിലേക്ക് എറിയുകയായിരുന്നു.വീടിന്റെ പോർട്ടിക്കോയിൽ ഉണ്ടായിരുന്ന ഷൂ റാക്കും മറ്റ് ഗൃഹോപകരണങ്ങളും കത്തിനശിച്ചു. ഇരുചക്രവാഹനത്തിന്റെ മുൻഭാഗത്തും തീപിടിച്ചു. ആളപായമില്ല.
യുവതിയുടെ പിതാവിന്റെ പരാതിയിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. 31ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കാർത്തിക്കിനെയും കൂട്ടുപ്രതികളെയും പിടികൂടാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

