കോയമ്പത്തൂർ-ബംഗളൂരു, മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് ട്രെയിനുകൾ ട്രാക്കിൽ
text_fieldsശനിയാഴ്ച രാവിലെ കോയമ്പത്തൂരിൽനിന്ന് പുറപ്പെടുംമുമ്പ്
വന്ദേഭാരതിലെ ജീവനക്കാർ ഫോട്ടോക്ക് പോസ് ചെയ്യുന്നു
ബംഗളൂരു: മംഗളൂരു സെൻട്രൽ-മഡ്ഗാവ് ജങ്ഷൻ-മംഗളൂരു സെൻട്രൽ (20646/20645), കോയമ്പത്തൂർ ജങ്ഷൻ-ബംഗളൂരു കന്റോൺമെന്റ്-കോയമ്പത്തൂർ ജങ്ഷൻ (20642/20641)വന്ദേഭാരത് എക്സ്പ്രസുകളുടെ ഉദ്ഘാടനം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിച്ചു. മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് ഞായറാഴ്ച മുതലും കോയമ്പത്തൂർ-ബംഗളൂരു വന്ദേഭാരത് തിങ്കളാഴ്ച മുതലും പതിവ് സർവിസ് ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ശനിയാഴ്ച രാവിലെ 11ന് കോയമ്പത്തൂർ ജങ്ഷനിൽനിന്ന് ആഘോഷമായി പുറപ്പെട്ട ഉദ്ഘാടന സ്പെഷൽ സർവിസ് തിരുപ്പൂർ, ഈറോഡ്, സേലം, ധർമപുരി, ഹൊസൂർ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് 6.30 ഓടെ ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ എത്തി. തിങ്കളാഴ്ച മുതൽ പതിവ് സർവിസ് ആരംഭിക്കുന്ന ട്രെയിൻ വ്യാഴാഴ്ചകളിൽ ഒഴികെ എല്ലാ ദിവസവും സർവിസ് നടത്തും. ഈറോഡിൽ അഞ്ചും സേലത്ത് മൂന്നും മറ്റു സ്റ്റേഷനുകളിൽ രണ്ടും മിനിറ്റ് വീതം സ്റ്റോപ്പുണ്ടാവും.
മംഗളൂരു സെൻട്രൽ-മഡ്ഗാവ് വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനദിനത്തിലെ സ്പെഷൽ സർവിസ് രാവിലെ 8.30ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ടു. 319 കിലോമീറ്റർ ദൂരം മണിക്കൂറിൽ ശരാശരി 67 കിലോമീറ്റർ വേഗത്തിൽ നാലു മണിക്കൂറും 45 മിനിറ്റുംകൊണ്ടാണ് ഈ ട്രെയിൻ ലക്ഷ്യത്തിലെത്തുക. വ്യാഴാഴ്ചകളിൽ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും സർവിസ് നടത്തും. കാർവാറിലും ഉഡുപ്പിയിലും രണ്ടു മിനിറ്റ് വീതം സ്റ്റോപ്പുണ്ടാവും. ചെയർകാർ സീറ്റിന് മംഗളൂരുവിൽനിന്ന് മഡ്ഗാവിലേക്ക് 1330ഉം എക്സിക്യൂട്ടിവ് ചെയർകാറിന് 2350 രൂപയുമാണ് നിരക്ക്.
മംഗളൂരു റെയിൽവേ പ്ലാറ്റ്ഫോമിൽ ഒരുക്കിയ യാത്രയയപ്പ് ചടങ്ങ് ബി.ജെ.പി നേതാവ് നളിൻ കുമാർ കട്ടീൽ എം.പി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നേതാക്കളായ വേദവ്യാസ് കാമത്ത് എം.എൽ.എ, ഡോ. വൈ. ഭരത് ഷെട്ടി എം.എൽ.എ, മേയർ സുധീർ ഷെട്ടി കണ്ണൂർ, പ്രതാപ് സിംഹ നായക് എം.എൽ.സി, ഡെപ്യൂട്ടി മേയർ സുനിത തുടങ്ങിയവർ സംസാരിച്ചു. ജില്ല ചുമതലയുള്ള ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവിനെയും ജില്ലയിലെ കോൺഗ്രസ്, ജെ.ഡി.എസ് ജനപ്രതിനിധികളെയും അവസാന നിമിഷം പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ആരും പങ്കെടുത്തില്ല. മംഗളൂരുവിൽ ഫ്ലാഗ്ഓഫ് നിയമസഭ സ്പീക്കർ യു.ടി. ഖാദർ നടത്തുമെന്നും അധികൃതർ വെള്ളിയാഴ്ച അറിയിച്ചിരുന്നു.
ഉഡുപ്പിയിൽ കേന്ദ്രമന്ത്രി ശോഭ കാറന്ത്ലാജെയുടെ നേതൃത്വത്തിൽ വന്ദേ ഭാരതിന് സ്വീകരണം നൽകി. കർണാടക നിയമ കൗൺസിൽ പ്രതിപക്ഷനേതാവ് കൊട ശ്രീനിവാസ പൂജാരി, ബി.ജെ.പി എം.എൽ.എമാരായ യശ്പാൽ സുവർണ, ഗുരുരാജ് ഗന്ധിഹൊളെ, ഗുർമെ സുരേഷ് ഷെട്ടി, വി. സുനിൽ കുമാർ, ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമീഷണർ ഡോ. വിദ്യകുമാരി, ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ, ജില്ല പഞ്ചായത്ത് സി.ഇ.ഒ പ്രസന്ന എന്നിവർ പങ്കെടുത്തു.
സമയക്രമം
- കോയമ്പത്തൂർ ജങ്ഷൻ-ബംഗളൂരു കന്റോൺമെന്റ് വന്ദേഭാരത് എക്സ്പ്രസ് (20642): കോയമ്പത്തൂർ- പുലർച്ചെ 5.00, തിരുപ്പൂർ-5.42, ഈറോഡ് ജങ്ഷൻ-6.27, സേലം ജങ്ഷൻ - 7.18, ധർമപുരി - 8.32, ഹൊസൂർ-10.05, ബംഗളൂരു കന്റോൺമെന്റ് -11.30 ബംഗളൂരു കന്റോൺമെന്റ്- കോയമ്പത്തൂർ ജങ്ഷൻ വന്ദേഭാരത് എക്സ്പ്രസ് (20642): ബംഗളൂരു കന്റോൺമെന്റ് -ഉച്ച 1.40, ഹൊസൂർ- 2.52, ധർമപുരി -4.16, സേലം ജങ്ഷൻ -5.53, ഈറോഡ് ജങ്ഷൻ -6.45, തിരുപ്പൂർ-7.25, കോയമ്പത്തൂർ ജങ്ഷൻ- 8.00.
- മംഗളൂരു സെൻട്രൽ-മഡ്ഗാവ് ജങ്ഷൻ വന്ദേഭാരത് എക്സ്പ്രസ് (20646): മംഗളൂരു സെൻട്രൽ- രാവിലെ 8.30, ഉഡുപ്പി- 9.50, കാർവാർ- 12.10, മഡ്ഗാവ് ജങ്ഷൻ- 1.15.
- മഡ്ഗാവ് ജങ്ഷൻ-മംഗളൂരു സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ് ((20645): മഡ്ഗാവ് ജങ്ഷൻ- വൈകീട്ട് 6.10, കാർവാർ- 6.57, ഉഡുപ്പി- 9.14, മംഗളൂരു സെൻട്രൽ- 10.45.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

