പാറ്റകളുടെ രാപകൽ സമരം മൂന്നാം ദിവസത്തിലേക്ക്
text_fieldsകേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി ആരംഭിച്ച സമരത്തിന്‍റെ രണ്ടാം ദിനത്തിലെ കാഴ്ച
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച, സി.ബി.എസ്.ഇ മൂല്യനിർണയ ക്രമക്കേട് വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ പാറ്റ പാർട്ടി (കോക്രോച്ച് ജനതാ പാർട്ടി-സി.ജെ.പി) ആരംഭിച്ച സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. വിദ്യാഭ്യാസ മന്ത്രി രാജി വെക്കാതെ ജന്തർമന്തർ വിട്ടുപോകില്ലെന്ന നിലപാടിലാണ് സമരക്കാർ.
അനുമതി അവസാനിച്ചതിനാൽ പ്രതിഷേധക്കാർ സ്ഥലത്തുനിന്ന് ഒഴിഞ്ഞുപോകണമെന്ന് പൊലീസ് തുടർച്ചയായി ആവശ്യപ്പെടുന്നുണ്ടെങ്കിലും വിദ്യാഭ്യാസമന്ത്രിയുടെ രാജി ഉണ്ടാകുന്നതുവരെ അനിശ്ചിതകാലത്തേക്ക് സമാധാനപരമായി പ്രതിഷേധം തുടരുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ ആവർത്തിച്ചു. ജന്തർമന്തറിനു പകരം പ്രതിഷേധം നടത്താൻ മറ്റൊരു സ്ഥലം ലഭിച്ചാൽ പ്രതിഷേധം അങ്ങോട്ടേക്കു മാറ്റാമെന്നും അഭിജീത് അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചക്ക് ആരംഭിച്ച സമരത്തിന് വൈകീട്ട് അഞ്ചുവരെയാണ് പൊലീസ് അനുമതി നൽകിയിരുന്നത്.
ശനിയാഴ്ച രാത്രി സമര സ്ഥലത്തേക്കുള്ള വൈദ്യുതിയും പൊതുശൗചാലയങ്ങളിലെ വെള്ളവും വിച്ഛേദിക്കുകയുണ്ടായി. ഇതു വലിയ വിമർശനങ്ങൾക്ക് വഴിവെക്കുമെന്ന് കണ്ടതോടെ ഇവിടേക്ക് വീണ്ടും വെള്ളവും വൈദ്യുതിയും എത്തിച്ചു. സർക്കാറിനെതിരെ പരിഹാസവും രാഷ്ട്രീയ ആക്ഷേപഹാസ്യവും നിറഞ്ഞ പോസ്റ്ററുകളുമായാണ് വിദ്യാർഥികളും യുവാക്കളും അടങ്ങുന്ന വലിയൊരു ജനക്കൂട്ടം സമരത്തിൽ പങ്കെടുക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കാൻ തയാറാകണമെന്നും, അല്ലാത്തപക്ഷം ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട പ്രധാനമന്ത്രിയായി അദ്ദേഹം മാറുമെന്നും അഭിജീത് ദിപ്കെ പറഞ്ഞു. നീറ്റ് യു.ജി പുനഃപരീക്ഷ കഴിഞ്ഞയുടൻ വിദ്യാർഥികളോടും അവരുടെ മാതാപിതാക്കളോടും ജന്തർ മന്തറിലെത്തി സമരത്തിൽ പങ്കുചേരാൻ ദിപ്കെ ആഹ്വാനം ചെയ്തു.
ജൂൺ 27നകം വിദ്യാഭ്യാസ മന്ത്രി രാജിവെച്ചില്ലെങ്കിൽ താൻ നിരാഹാര സമരം ആരംഭിക്കുമെന്ന് ശനിയാഴ്ച സമരപ്പന്തലിലെത്തിയ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

