ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ച് കോക്രോച്ച് ജനത പാർട്ടി; 22.4 മില്യൺ ഫോളോവേഴ്സുണ്ടെന്ന് അഭിജീത് ദിപ്കേ
text_fieldsന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ‘കോക്രോച്ച് ജനത പാർട്ടി’യുടെ (സി.ജെ.പി) ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുത്തതായി പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. നിലവിൽ 22.4 മില്യൺ ഫോളോവേഴ്സ് അക്കൗണ്ടിലുണ്ടെന്ന് ദിപ്കെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും തുടർന്ന് അപ്രത്യക്ഷമായതായുമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശപ്രകാരം ഐ.ടി മന്ത്രാലയം ഇടപെട്ടാണ് അക്കൗണ്ട് പൂട്ടിച്ചതെന്ന് ദിപ്കെ പറഞ്ഞിരുന്നു. തുടർന്ന് ഞായറാഴ്ച അക്കൗണ്ട് റീ ആക്ടീവ് ആയതായും തിരിച്ചുപിടിച്ചെന്നും സി.ജെ.പി സ്ഥാപകൻ സ്ഥിരീകരിച്ചു.
10 ലക്ഷം യുവാക്കൾ അംഗങ്ങളായിരുന്ന സി.ജെ.പിയുടെ ഔദ്യോഗിക വെബ്സൈറ്റും വ്യക്തിഗത, ബാക്കപ്പ് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് രാജ്യത്തെ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന വിയോജിപ്പുകളെയും ചോദ്യം ചെയ്യലുകളെയും കേന്ദ്ര സർക്കാർ അടിച്ചമർത്തുകയാണെന്നതിന്റെ തെളിവാണ് ഇതൊക്കെയെന്ന് അഭിജീത് ദിപ്‌കെ പ്രതികരിച്ചിരുന്നു.
അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മ, നീറ്റ് പരീക്ഷാ ക്രമക്കേട്, വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ എന്നിവ ഉയർത്തിക്കാട്ടി യുവാക്കൾക്കിടയിൽ വൻ സ്വാധീനം ചെലുത്തിയ ഡിജിറ്റൽ കൂട്ടായ്മയായി മാറിക്കൊണ്ടിരിക്കുകയാണ് സി.ജെ.പി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തിയതുൾപ്പെടെയുള്ള ക്യാമ്പയിനുകൾ സി.ജെ.പി നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി പാർട്ടിയുടെ ഔദ്യോഗിക 'എക്സ്'ഹാൻഡിലിന് കേന്ദ്ര സർക്കാർ ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിരുന്നു.
ഇൻസ്റ്റഗ്രാം അക്കൗണ്ട് കൂടി നഷ്ടപ്പെട്ടതോടെ കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ വലിയ വിമർശനവുമായി അഭിജിത് ദീപ്കെ രംഗത്തെത്തി. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയായ അഭിജിത് ദീപ്കെയ്ക്ക് കഴിഞ്ഞ ദിവസം വാട്സാപ്പ് വഴി വധഭീഷണിയും ലഭിച്ചിരുന്നു. അക്കൗണ്ടുകൾ നിർത്തിവെച്ചില്ലെങ്കിൽ വകവരുത്തുമെന്നായിരുന്നു അജ്ഞാത സന്ദേശം. ഭീഷണികൾക്ക് വഴങ്ങില്ലെന്നും യുവാക്കളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

