Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'സെപ്റ്റംബർ 15-നകം...

'സെപ്റ്റംബർ 15-നകം സ്കൂളുകൾ നന്നാക്കണം, ഇല്ലെങ്കിൽ തെരുവിൽ കാണാം'; ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് സി.ജെ.പിയുടെ അന്ത്യശാസനം

text_fields
bookmark_border
സെപ്റ്റംബർ 15-നകം സ്കൂളുകൾ നന്നാക്കണം, ഇല്ലെങ്കിൽ തെരുവിൽ കാണാം; ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് സി.ജെ.പിയുടെ അന്ത്യശാസനം
cancel

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ ദാരുണാവസ്ഥ പരിഹരിച്ചില്ലെങ്കിൽ ഡൽഹി സർക്കാറിനെതിരെ വീണ്ടും പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). ഛത്തർപൂരിലെ സഞ്ജയ് കോളനിയിലുള്ള സർക്കാർ സ്കൂളുകൾ നവീകരിക്കാമെന്ന് വിദ്യാർഥികൾക്ക് നൽകിയ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് പാർട്ടി അന്ത്യശാസനം നൽകി.

സഞ്ജയ് കോളനിയിലെ നിവാസികൾ സർക്കാറിന് നൽകിയ സെപ്റ്റംബർ 15 വരെയുള്ള സമയപരിധിക്കുള്ളിൽ പണികൾ ആരംഭിച്ചില്ലെങ്കിൽ വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് പാർട്ടി വ്യക്തമാക്കിയത്.

സി.ജെ.പിയുടെ ‘സ്‌കൂൾ ഠീക് കരോ’ (സ്കൂളുകൾ നന്നാക്കൂ) പ്രചാരണ പരിപാടിയുടെ ഭാഗമായി സഞ്ജയ് കോളനിയിലെ സ്കൂളുകൾ നേരിട്ട് സന്ദർശിച്ചതായി പാർട്ടി കോ-കൺവീനർ സൗരവ് ദാസ് അറിയിച്ചു. സ്കൂൾ പരിസരങ്ങളുടെ ദാരുണമായ ചിത്രങ്ങളും വിവരങ്ങളും അദ്ദേഹം എക്സിലൂടെ പുറത്തുവിട്ടു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി രേഖാ ഗുപ്ത സഞ്ജയ് കോളനി സന്ദർശിച്ച് പുതിയ സ്കൂൾ കെട്ടിടം നിർമിക്കുമെന്ന് ഉറപ്പുനൽകിയത്. എന്നാൽ ആറുമാസം പിന്നിട്ടിട്ടും ഒരു മാറ്റവുമില്ലെന്ന് മാത്രമല്ല, മാലിന്യപ്പുഴ നീന്തി വേണം കുട്ടികൾക്ക് സ്കൂളിലെത്താനെന്നും സൗരവ് ദാസ് ചൂണ്ടിക്കാട്ടി.

എം.സി.ഡി സ്കൂളിന്റെയും ഡൽഹി സർക്കാർ സ്കൂളിന്റെയും സ്ഥിതി പരിതാപകരമാണ്. ടിൻ ഷീറ്റ് മേഞ്ഞ മേൽക്കൂരകൾ, തറയോടുകൾ പോലുമില്ലാത്ത ക്ലാസ് മുറികൾ, തകർന്ന ടോയ്‌ലറ്റുകൾ, മോശം ഉച്ചഭക്ഷണം എന്നിവയാണ് കുട്ടികൾക്ക് ലഭിക്കുന്നത്. കമ്പ്യൂട്ടറോ ലൈബ്രറിയോ ലഭ്യമല്ലെന്നും സുരക്ഷാ ആശങ്കകൾ ശക്തമാണെന്നും അദ്ദേഹം ആരോപിച്ചു.

കുട്ടികളുടെ വിദ്യാഭ്യാസവും സുരക്ഷയും മുൻനിർത്തി സെപ്റ്റംബർ 15 വരെയാണ് നാട്ടുകാർ സർക്കാറിന് സമയം നൽകിയിരിക്കുന്നതെന്നും സി.ജെ.പി വ്യക്തമാക്കി. "ഞങ്ങൾ ഇനി നിശ്ശബ്ദ കാഴ്ചക്കാരായിരിക്കില്ല. സെപ്റ്റംബർ 15-നകം പണികൾ ആരംഭിച്ചില്ലെങ്കിൽ ഞങ്ങൾ വീണ്ടും തെരുവിലേക്ക് തിരിച്ചെത്തും. വിദ്യാഭ്യാസം ഇത്രയും കാലം വൈകിപ്പിക്കാൻ കഴിയില്ല"- സൗരവ് ദാസ് മുന്നറിയിപ്പ് നൽകി.

അതേസമയം, സി.ജെ.പി ഉന്നയിച്ച ഗുരുതര ആരോപണങ്ങളോട് ഡൽഹി സർക്കാറോ മുഖ്യമന്ത്രി രേഖാ ഗുപ്തയോ ബി.ജെ.പി നേതൃത്വമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi governmentDelhi government schoolRekha GuptaCJP Party
News Summary - Cockroach Janata Party Issues Ultimatum to Delhi CM Over Poor School Conditions
Next Story