പാറ്റകളുടെ സമരം തുടരുന്നു; ചോദ്യ ചോർച്ച തടയാൻ ‘ഡയപ്പർ ചലഞ്ച്’
text_fieldsന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ പാറ്റ പാർട്ടി (കോക്രോച്ച് ജനതാ പാർട്ടി-സി.ജെ.പി) ആരംഭിച്ച രാപകൽ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.
സമരത്തിന്റെ നാലാം ദിവസമായ ചൊവ്വാഴ്ച, പ്രതിഷേധത്തിന്റെ ഭാഗമായി ‘ഡയപ്പർ ദാന കാമ്പയിൻ’ സംഘടിപ്പിച്ചു. ‘ഡയപ്പർ ചോർച്ചകളെ അകറ്റി നിർത്തുന്നു’ എന്ന മുദ്രാവാക്യവുമായി അണികളോട് ഡയപ്പറുമായി സമരസ്ഥലത്ത് എത്താൻ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ ആഹ്വാനം ചെയ്യുകയായിരുന്നു. ഡയപ്പറുകളിൽ കേന്ദ്രമന്ത്രിയുടെ രാജി എന്ന ആവശ്യം എഴുതിച്ചേർത്ത് അത് അദ്ദേഹത്തിന് എത്തിച്ചുനൽകുമെന്ന് പാർട്ടി വ്യക്തമാക്കി.
ജന്തർ മന്തറിലെ പ്രതിഷേധ സ്ഥലം ചുരുക്കാൻ പൊലീസ് ശ്രമിക്കുന്നതായി അഭിജീത് ദിപ്കെ ആരോപിച്ചു. തിങ്കളാഴ്ച രാത്രി വൈകി പൊലീസ് ബാരിക്കേഡുകൾ നീക്കി സമരസ്ഥലം ചെറുതാക്കാൻ ശ്രമിച്ചതായും സമരക്കാർക്ക് വെള്ളവും ഭക്ഷണവും ലഭിക്കുന്നത് തടസ്സപ്പെടുത്താൻ നീക്കം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. അതേസമയം, രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളുടെ ‘ബി-ടീം’ ആണ് സി.ജെ.പിയെന്ന് മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
അതിനിടെ, സി.ജെ.പിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട പരാതിയിൽ നേരിട്ട് ഹാജരാകാൻ കേന്ദ്ര ഐ.ടി മന്ത്രാലയം അഭിജീത് ദിപ്കെക്ക് നോട്ടീസ് അയച്ചു. ബുധനാഴ്ച അന്തർ-മന്ത്രാലയ സമിതിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. സമരം ശക്തമായി തുടരുന്നതിനിടയിൽ ദിപ്കെയെ നേരിട്ട് വിളിച്ചുവരുത്താനുള്ള സർക്കാർ നീക്കം പ്രതിഷേധം അടിച്ചമർത്താനുള്ള പുതിയ തന്ത്രമാണെന്ന് സി.ജെ.പി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

