'എനിക്കും അടി കിട്ടി, അവനും കിട്ടി... ഇനി അടുത്ത ഊഴം നിനക്കാണ്'; സി.ജെ.പി വക്താവിനോട് ചിരിച്ചുകൊണ്ട് അഭിജീത്ത് ദിപ്‌കെ
text_fieldsന്യൂഡൽഹി: രാജസ്ഥാനിൽ സ്വന്തം പാർട്ടി നേതാക്കൾക്ക് തുടർച്ചയായി മർദനമേൽക്കുന്ന സംഭവങ്ങളിൽ രസകരമായ പ്രതികരണവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകനും ദേശീയ കൺവീനറുമായ അഭിജീത്ത് ദിപ്‌കെ. തനിക്കും കോ-കൺവീനർ അശുതോഷ് റാങ്കയ്ക്കും ഇതിനകം മർദനമേറ്റെന്നും, ഇനി അടുത്തതായി അടികിട്ടാൻ പോകുന്നത് ദേശീയ വക്താവായ സൗരവ് ദാസിനാണെന്നും ദിപ്‌കെ തമാശരൂപേണ പറഞ്ഞു. സ്വകാര്യ വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും ഒപ്പമിരുത്തിക്കൊണ്ടായിരുന്നു അഭിജീത്ത് ദിപ്‌കെയുടെ പരാമർശം. "അടികിട്ടിയാലും ഞങ്ങൾ വീണ്ടും അതിജീവിച്ചു വരും. എനിക്ക് അടികിട്ടി, അവനും കിട്ടി. ഇനി സൗരവ് മാത്രമാണ് ബാക്കിയുള്ളത്. അടുത്തത് നിന്റെ ഊഴമാണ് (തേരാ ഭി നമ്പർ ആയേഗാ)"- സൗരവിനെ നോക്കി ചിരിച്ചുകൊണ്ട് ദിപ്‌കെ പറഞ്ഞു.
രാജസ്ഥാനിലെ ജയ്പുരിൽ വെച്ച് അടുത്തിടെ സി.ജെ.പിയുടെ രണ്ട് നേതാക്കൾക്ക് നേരെയാണ് അപ്രതീക്ഷിത ആക്രമണങ്ങൾ ഉണ്ടായത്.
കഴിഞ്ഞ ജൂണിലാണ് അഭിജീത്ത് ദിപ്‌കെയ്ക്ക് നേരെ ആദ്യ ആക്രമണമുണ്ടാകുന്നത്. വിദ്യാർഥികളുടെ പ്രതിഷേധത്തെ അഭിസംബോധന ചെയ്യാൻ പോകുന്നതിനിടെ, അനുയായികൾ അദ്ദേഹത്തെ തോളിലേറ്റി കൊണ്ടുപോകുമ്പോൾ ആൾക്കൂട്ടത്തിൽ നിന്നൊരാൾ കഴുത്തിലെ ഷാളിൽ പിടിച്ച് വലിക്കുകയും മർദിക്കുകയുമായിരുന്നു. ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും, വിദ്യാർഥികളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ദിപ്‌കെ അന്ന് ആരോപിച്ചിരുന്നു.
ദിവസങ്ങൾക്ക് മുൻപാണ് കോ-കൺവീനർ അശുതോഷ് റാങ്കയ്ക്കും സംഘത്തിനും നേരെ ആക്രമണമുണ്ടായത്. സി.ജെ.പിയുടെ ‘സ്‌കൂൾ ഠീക് കരോ’ (സ്കൂളുകൾ നന്നാക്കൂ) കാമ്പയിനിന്റെ ഭാഗമായി ജയ്പുരിലെ ബാഗ്രു നിയമസഭാ മണ്ഡലത്തിലെ ഒരു സർക്കാർ സ്‌കൂൾ സന്ദർശിക്കാൻ പോകുന്നതിനിടെയായിരുന്നു മർദനം. ഒരു സംഘം ആളുകൾ തങ്ങളെ വളഞ്ഞിട്ട് മർദിച്ചെന്നും, ഒപ്പമുണ്ടായിരുന്ന ഒരു വോളന്റിയറുടെ കൈ അക്രമികൾ തല്ലിയൊടിച്ചെന്നും അശുതോഷ് വ്യക്തമാക്കി. അക്രമികൾ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു. ഭരണകക്ഷിയായ ബി.ജെ.പിയാണ് ഇതിന് പിന്നിലെന്നാണ് സി.ജെ.പി ആരോപിക്കുന്നത്.
അതേസമയം, സി.ജെ.പി നേതാക്കളുടെ ആരോപണങ്ങൾ ബി.ജെ.പി നേതൃത്വം പൂർണ്ണമായും തള്ളി. സി.ജെ.പിയുടെ മുഖംമൂടിയണിഞ്ഞ് കോൺഗ്രസ് പ്രവർത്തകരാണ് ഗ്രാമങ്ങളിൽ കടന്നുകയറി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നതെന്ന് രാജസ്ഥാൻ ബി.ജെ.പി മന്ത്രി ജവഹർ സിങ് ബേധം എ.എൻ.ഐയോട് പ്രതികരിച്ചു. ജനങ്ങൾ അവർക്ക് കൃത്യമായ മറുപടി നൽകുന്നുണ്ടെന്നും, കോൺഗ്രസിനെ ആർക്കും വേണ്ടാത്തതുകൊണ്ടാണ് അവർ മറ്റൊരു പാർട്ടിയുടെ പേരിൽ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

