2024ൽ സഖ്യസർക്കാർ; കോൺഗ്രസ് നയിക്കും -ഖാർഗെ
text_fieldsന്യൂഡൽഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷമുള്ള സർക്കാറിനെ കോൺഗ്രസ് നയിക്കുമെന്നും ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടില്ലെന്നും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
‘‘2024ൽ സഖ്യസർക്കാർ അധികാരത്തിൽ വരും. കോൺഗ്രസ് നയിക്കും. അതല്ലെങ്കിൽ ജനാധിപത്യവും ഭരണഘടനയുമൊന്നും ഉണ്ടാവില്ല. അതുകൊണ്ട് ഓരോ പാർട്ടിയെയും വിളിക്കുന്നുണ്ട്, സംസാരിക്കുന്നുണ്ട്. 2024ലെ തെരഞ്ഞെടുപ്പ് എങ്ങനെ ജയിക്കണമെന്ന കാര്യത്തിൽ പാർട്ടിയുടെ കാഴ്ചപ്പാട് അവരുമായി പങ്കുവെക്കുന്നുണ്ട്. എല്ലാ പാർട്ടികളുമായും ചേർന്ന് കോൺഗ്രസ് നയിക്കും. ഭൂരിപക്ഷം നേടും. ഭരണഘടനയും ജനാധിപത്യവും മാനിച്ച് മുന്നോട്ടുനീങ്ങും. 100 മോദിമാരും ഷാമാരും വരട്ടെ. ഇത് ഇന്ത്യയാണ്. ഭരണഘടന അത്രമേൽ ശക്തമാണ്’’ -നാഗാലാൻഡിൽ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിൽ ഖാർഗെ പറഞ്ഞു.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സജ്ജമാക്കുന്നതിനെക്കുറിച്ചും സഖ്യങ്ങൾ രൂപപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്ന റായ്പുർ പ്ലീനറി സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ് ഖാർഗെയുടെ വാക്കുകൾ. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് കഴിഞ്ഞ ദിവസം പാർട്ടി വ്യക്തമാക്കിയിരുന്നു. അതേസമയം തൃണമൂൽ കോൺഗ്രസ്, ഭാരത് രാഷ്ട്രസമിതി, ആം ആദ്മി പാർട്ടി, ജനതദൾ-യു എന്നിവയുടെ ബദൽ നീക്കങ്ങളെ മുൻകൂട്ടി കാണുന്നുവെന്ന സൂചനയും പാർട്ടി നേതാക്കൾ നൽകുന്നു.
പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് മുന്നോട്ടുവരണമെന്ന ജനതദൾ-യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെ ആഹ്വാനത്തോട് തണുപ്പൻ മട്ടിലാണ് കോൺഗ്രസ് പ്രതികരിച്ചത്. ഉത്തരവാദിത്തങ്ങളെക്കുറിച്ച് കോൺഗ്രസിനു ബോധ്യമുണ്ടെന്നും ബി.ജെ.പിയെ നേരിടുന്നുവെന്ന് പറയുമ്പോൾ തന്നെ ചില കൂട്ടർ രണ്ടുതട്ടിൽ കളിക്കുകയാണെന്നും പാർട്ടി വക്താവ് ജയ്റാം രമേശ് പറഞ്ഞു. കോൺഗ്രസിന്‍റെ പരാമർശം നിതീഷിനെ ചൊടിപ്പിച്ചു. റായ്പുരിൽ കോൺഗ്രസ് നേതൃസമ്മേളനം നടക്കുമ്പോൾ തന്നെ, പ്രതിപക്ഷ പാർട്ടികളെ ഐക്യ ചർച്ചകൾക്ക് അതേദിവസം വിളിച്ചിരിക്കുകയാണ് നിതീഷ് കുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

