കൽക്കരി മാഫിയക്കെതിരെ ബംഗാളിലും ജാർഖണ്ഡിലും ഇ.ഡി റെയ്ഡ്; റെയ്ഡ് നടത്തിയത് 40 ഇടങ്ങളിൽ
text_fieldsന്യൂഡൽഹി: കൽക്കരി മാഫിയ ശൃംഖലക്കെതിരെ വ്യാപക പരിശോധനയുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 40 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ഇ.ഡിയുടെ റാഞ്ചി, കൊൽക്കത്ത സോൺ ഓഫിസുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
പശ്ചിമ ബംഗാൾ, ജാർഖണ്ഡ് പൊലീസിന്‍റെ സഹകരണത്തോടെ പ്രതികളായ കൽക്കരി മാഫിയക്കാരുടെ വീടുകളും ഓഫിസുകളും മറ്റ് സ്ഥലങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പരിശോധനയിൽ പണവും സ്വർണാഭരണങ്ങളും ഇ.ഡി പിടിച്ചെടുത്തു.
കൽക്കരിക്കടത്തുമായി ബന്ധപ്പെട്ട് കുറ്റക്കാരെന്ന് കണ്ടെത്തിയ അനിൽ ഗോയൽ, സഞ്ജയ് ഉദ്യോഗ്, എൽ.ബി. സിങ്, അമർ മണ്ഡൽ എന്നിവരുടെ ജാർഖണ്ഡിലെ 14 ഇടങ്ങളിലാണ് ഇ.ഡിയുടെ റാഞ്ചി സോണൽ ഓഫിസിന്‍റെ പരിശോധന നടന്നത്. കൽക്കരിക്കടത്തിലൂടെ കോടികളുടെ വരുമാന നഷ്ടം സർക്കാറിന് ഉണ്ടായെന്നാണ് ഇ.ഡി കണ്ടെത്തൽ.
ആരോപണവിധേയരെന്ന് സംശയിക്കുന്ന നരേന്ദ്ര ഖർക, അനിൽ ഗോയൽ, യുധീഷ്ടർ ഘോഷ്, കൃഷ്ണ മുരാരി കായൽ അടക്കമുള്ളവരുടെ വീടുകളിലും റെയ്ഡ് നടന്നു.
ദുർഗാപൂർ, പുരുലിയ, ഹൗറ, കൊൽക്കത്ത ജില്ല എന്നിവിടങ്ങളിലെ 24 സ്ഥലങ്ങളിലാണ് ഇ.ഡി കൊൽക്കത്ത സോണൽ ഓഫിസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

