ന്യൂഡൽഹി: പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വില റെക്കോഡിലെത്തി നിൽക്കെ സമ്മർദിത പ്രകൃതി വാതകത്തിന് (സി.എൻ.ജി) സർക്കാർ വീണ്ടും വില കൂട്ടി. കിലോക്ക് രണ്ടു രൂപയാണ് വർധിപ്പിച്ചത്. രണ്ടുമാസത്തിനിടെ 12ാമത്തെ വർധനയാണിത്. ഇതോടെ കിലോ 71.61 രൂപയുണ്ടായിരുന്ന സി.എൻ.ജി ഡൽഹിയിൽ 73.61 രൂപയായി ഉയർന്നു. 12 തവണയായി കിലോക്ക് 17.60 രൂപയാണ് വർധിച്ചത്. ഏപ്രിലിൽ മാത്രം കിലോക്ക് 7.50 രൂപയുടെ വർധനയുണ്ടായി.
സാധാരണ പ്രകൃതിവാതകത്തിൽ മീഥെയ്ൻ ചേർത്ത് സമ്മർദം ചെലുത്തി സൃഷ്ടിക്കുന്നതാണ് സി.എൻ.ജി. പെട്രോൾ, ഡീസൽ എന്നിവ സൂക്ഷിക്കാനാവശ്യമായതിനെക്കാൾ ഒരു ശതമാനം കുറഞ്ഞ സ്ഥലമേ സി.എൻ.ജിക്ക് ആവശ്യമായി വരൂ. പ്രധാനമായും വാഹന ഇന്ധനമായ സി.എൻ.ജി പ്രകൃതിസൗഹൃദം കൂടിയാണ്.