ഡൽഹി മാനസികാരോഗ്യ പഠനകേന്ദ്രത്തിൽ മുഖ്യമന്ത്രിയുടെ മിന്നൽ പരിശോധന; 13 വർഷത്തിലേറെയായി എം.ആർ.ഐ, സി.ടി മെഷീനുകളില്ല
text_fieldsഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത മാനസികാരോഗ്യ കേന്ദ്രത്തിൽ സന്ദർശനം നടത്തുന്നു
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ മാനസികാരോഗ്യ ആശുപത്രികളിലൊന്നായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ ആൻഡ് അലൈഡ് സയൻസസിൽ (IHBAS) ബുധനാഴ്ച ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത നടത്തിയ മിന്നൽ പരിശോധനയിൽ അസൗകര്യങ്ങളുടെ പട്ടികതന്നെ പുറത്തായി. 13 വർഷത്തിലേറെയായി എം.ആർ.ഐ സ്കാനറും സി.ടി സ്കാൻ മെഷീനുമി ല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു.
മാനസികാരോഗ്യത്തിനും നാഡീവ്യവസ്ഥയുമായി (ന്യൂറോളജി) ബന്ധപ്പെട്ട ചികിത്സക്കുള്ള പ്രമുഖ ആശുപത്രിയായി കണക്കാക്കപ്പെടുന്ന ദിൽഷാദ് ഗാർഡനിലെ ആശുപത്രിയിൽ ദിനേന മൂവായിരം രോഗികളെത്തുന്നുണ്ടെങ്കിലും 317 കിടക്കകളും 10 വെന്റിലേറ്റർ സൗകര്യവും പരിമിതമായ എക്സ്-റേ, അൾട്രാസൗണ്ട് സേവനങ്ങളും മാത്രമെ പ്രവർത്തിക്കുന്നുള്ളൂവെന്ന് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു.
എം.ആർ.ഐ സ്കാനർ പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഡോക്ടർമാർ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നത് ദൗർഭാഗ്യകരമാണ്. പ്രശ്നം ആശുപത്രി ജീവനക്കാരുടേതല്ല മറിച്ച് സ്ഥാപനപരമായ പിന്തുണയുടെ അഭാവമാണ്, രോഗികളുമായും അവരുടെ കുടുംബങ്ങളുമായും സംസാരിച്ച ശേഷം വലിയ ഔട്ട്പേഷ്യന്റ് വിഭാഗത്തോടുകൂടിയ ഒരു പുതിയ ആശുപത്രി ബ്ലോക്ക് നിർമിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ 111 ഏക്കർ ഭൂമിയിൽ നിലവിൽ 20 ശതമാനം മാത്രമെ ഉപയോഗിക്കുന്നുള്ളൂവെന്നും പറഞ്ഞു.
പുതിയ ആശുപത്രിയിൽ എം.ആർ.ഐ സ്കാനറുകൾ, സി.ടി മെഷീനുകൾ, വിപുലീകരിച്ച പരിശോധന സംവിധാനങ്ങളും കൂടുതൽ ജീവനക്കാരും ഉണ്ടായിരിക്കുമെന്നും കഴിവതും ഈ സാമ്പത്തിക വർഷത്തിനുള്ളിൽ തന്നെ ആശുപത്രി യാഥാർഥ്യമാക്കുമെന്നും അവർ പറഞ്ഞു. കഴിഞ്ഞ സർക്കാറുകൾ പ്രഖ്യാപിച്ച ആരോഗ്യ അടിസ്ഥാന സൗകര്യ പദ്ധതികൾ പൂർത്തിയാകാതെ കിടക്കുകയാണെന്നും അവ പൂർത്തീകരിക്കുന്നതിനാണ് തന്റെ സർക്കാർ മുൻഗണന നൽകുന്നതെന്നും ആധുനിക മാനസികാരോഗ്യ പഠനകേന്ദ്രമാക്കി IHBAS നെ ഉയർത്തുമെന്നും അവർ പറഞ്ഞു.
ഇന്ത്യയിലെ പ്രമുഖ മാനസികാരോഗ്യ പഠനകേന്ദ്രങ്ങളിലൊന്നായ ഇവിടെ കാലങ്ങളായി എം.ആർ.ഐസ്കാനറും, സി.ടി മെഷീനുകളുമില്ല എന്നുപറയുന്നത് മാനസികാരോഗ്യ മേഖലയോടുള്ള അവഗണനയെയാണ് ചൂണ്ടിക്കാണിക്കുന്നത്. . ആയിരക്കണക്കിന് രോഗികൾ ദിവസവും ആശ്രയിക്കുന്ന ആശുപത്രിയിൽ മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ എപ്പോൾ എത്തുമെന്ന് കാത്തിരിന്നു കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

