'ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നു'; മനുസ്മൃതിയെ നാണക്കേടെന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധിയെ ലക്ഷ്യംവെച്ച് യോഗി ആദിത്യനാഥ്
text_fieldsലഖ്‌നൊ: സ്ത്രീയുടെ മേൽ പുരുഷാധിപത്യം അവകാശപ്പെടുന്ന മനുസ്മൃതിയെ നാണക്കേടെന്ന് വിശേഷിപ്പിച്ച ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പിയുമായ രാഹുൽ ഗാന്ധിയെ ലക്ഷ്യംവെച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
രാഹുൽ ഗാന്ധിയിൽ നിന്ന് രാജ്യത്തിന് വലിയ പ്രതീക്ഷകളൊന്നുമില്ലെന്നും അദ്ദേഹം ഇന്ത്യൻ പാരമ്പര്യത്തെ വിമർശിച്ച് ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ആരോപിച്ചു. സ്വാതന്ത്ര്യസമര സേനാനി റാണാ ബേനി മാധവ് ബക്ഷ് സിംഗിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് രാഹുൽ ഗാന്ധിക്കെതിരെ യോഗി കടന്നാക്രമണം നടത്തിയത്. 'കഴിഞ്ഞ ദിവസം റായ്ബറേലി എം.പിയായ രാഹുൽ ഗാന്ധിയുടെ പ്രസ്താവന വായിക്കുകയുണ്ടായി. സ്ത്രീകൾ മനുസ്മൃതിയുടെ ചങ്ങലകളിൽ നിന്ന് മോചിതരായി പുറത്തുവരണമെന്ന് അദ്ദേഹം മഹാരാഷ്ട്രയിൽ പ്രസ്താവന നടത്തി. രാഹുൽ ഗാന്ധി എന്ന നിലയിൽ രാജ്യത്തിന് നിങ്ങളിൽ നിന്ന് വലിയ പ്രതീക്ഷകളൊന്നുമില്ല. എന്നാൽ ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ, ജനാധിപത്യത്തോട് നിങ്ങൾ ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ പാരമ്പര്യങ്ങളെയും പൈതൃകത്തെയും വിമർശിക്കുന്നത് നിങ്ങളുടെ ജന്മാവകാശമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?' യോഗി പറഞ്ഞു.
അന്താരാഷ്ട്ര വേദികളിൽ രാഹുൽ ഗാന്ധി ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ആവർത്തിച്ച് അപകീർത്തിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി യോഗി ആരോപിച്ചു. ഭാരതീയ ഭരണഘടന സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടും, രാജ്യത്തിന്റെ പാരമ്പര്യങ്ങളെയും പൈതൃകത്തെയും അവഹേളിക്കുന്നത് രാഹുൽ ജന്മാവകാശമായി കരുതുന്നു. സംസ്ഥാനത്തിനു പുറത്തുപോയി ഉത്തർപ്രദേശിനെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന രാഹുൽ വിദേശത്ത് പോകുമ്പോൾ ഇന്ത്യയെത്തന്നെ അപമാനിക്കുന്നുവെന്നും യോഗി ആരോപിച്ചു. രാജ്യത്തിന്റെ ഭീകരവിരുദ്ധ പോരാട്ടത്തിൽ നേരിട്ടോ അല്ലാതെയോ ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നു. അയോധ്യയിലെ ശ്രീരാമന്റെ അസ്തിത്വത്തെ നിങ്ങളുടെ പാർട്ടി ചോദ്യം ചെയ്യുന്നു. മനുവിനെ മനസ്സിലാക്കണമെങ്കിൽ, അഥർവവേദം, ശതപഥ ബ്രാഹ്മണം, മത്സ്യപുരാണം എന്നിവ വായിക്കണമെന്നും ആവശ്യമായ എല്ലാ വിവരങ്ങളും അവിടെ ലഭിക്കുമെന്നും യോഗി രാഹുൽ ഗാന്ധിയെ ലക്ഷ്യംവെച്ച് പറഞ്ഞു.
കോൺഗ്രസും രാഹുൽ ഗാന്ധിയും അതിർത്തികളിൽ ശത്രുക്കളോട് പോരാടുന്ന സൈനികരോട് തെളിവ് ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ശനിയാഴ്ച പുണെയിലെ എ.ഐ.എസ്.എസ്.എം.എസ് കോളജ് ഗ്രൗണ്ടിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിൽ വിദ്യാർഥിനികളുമായി സംവദിക്കുന്നതിനിടെയാണ് സ്ത്രീയുടെ മേൽ പുരുഷാധിപത്യം അവകാശപ്പെടുന്ന മനുസ്മൃതിയെ നാണക്കേടെന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

