ലഖ്നോ: യു.പിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദ്യം കോവിഡ് വാക്സിൻ സ്വീകരിക്കട്ടെയെന്ന് പി.സി.സി പ്രസിഡന്‍റ് അജയ് കുമാർ ലല്ലു. വാക്സിനേഷനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റി ജനത്തിന് ധൈര്യം പകരാൻ അത് ഉപകരിക്കും. ആളുകൾക്ക് സൗജന്യമായി വാക്സിൻ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'വാക്സിനെ ഞാൻ സ്വാഗതം ചെയ്യുന്നു. അത് വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞർക്ക് നന്ദി പറയുകയും ചെയ്യുന്നു. മഹാമാരിക്കാലത്ത് ആളുകളെ സഹായിക്കുകയെന്നത് ഏതൊരു സർക്കാറിന്‍റെയും കടമയാണ്. ഇപ്പോൾ വാക്സിൻ എത്തിയിരിക്കുന്നു. അത് തീർത്തും സൗജന്യമായി ആളുകൾക്ക് നൽകണമെന്നാണ് എന്‍റെ പ്രാഥമിക അഭ്യർഥന. അതിനൊപ്പം, ആ വാക്സിൻ ആദ്യം സ്വീകരിക്കുന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരിക്കണം. വാക്സിനെക്കുറിച്ച് ജനങ്ങളുടെ മനസ്സിലുള്ള ഭയാശങ്കകൾ ദുരീകരിക്കാൻ അത് ഉപകരിക്കും'- ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ലല്ലു പറഞ്ഞു.
നേരത്തേ, സമാജ്വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് 'ബി.ജെ.പി വാക്സിൻ' താൻ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ശാസ്ത്രജ്ഞരുടെ കഴിവിൽ പൂർണ വിശ്വാസം ഉണ്ടെങ്കിലും ബി.ജെ.പിയുടെ രാഷ്ടീയ വാക്സിൻ സ്വീകരിക്കാൻ താൻ ഒരുക്കമെല്ലന്ന് ട്വിറ്ററിൽ അദ്ദേഹം വിശദീകരിച്ചു.