Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹാനിബാബുവിന്​ ചികിത്സ...

ഹാനിബാബുവിന്​ ചികിത്സ ലഭ്യമാക്കാനായി ഇടപെടാമെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
ഹാനിബാബുവിന്​ ചികിത്സ ലഭ്യമാക്കാനായി ഇടപെടാമെന്ന്​ മുഖ്യമന്ത്രി
cancel

കോഴിക്കോട്: വിചാരണതടവുകാരനായി മഹാരാഷ്​ട്രയിലെ ജയിലിൽ കഴിയുന്ന ഹാനിബാബുവിന്​ ചികിത്സ ലഭ്യമാക്കാനായി ഇടപെടാമെന്ന്​ മുഖ്യമന്ത്രി. തുടർ നടപടി കൈകൊള്ളാൻ ചീഫ്​ സെക്രട്ടറിയോട്​ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹാനിബാബുവിന്​ ചികിത്സ ലഭ്യമാക്കാനായി ഇടപെടണമെന്ന കുടുംബത്തിന്‍റെ ആവശ്യത്തോട്​ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ഭീ​മ-​കൊ​റേ​ഗാ​വ്​ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ൽ​ഗാ​ർ പ​രി​ഷ​ത്ത്​ കേ​സി​ൽ വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയാണ്​ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും മ​ല​യാ​ളി​ ​പ്ര​ഫ​സ​റുമായ ഹാ​നി ബാ​ബു. ഇദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് കുടുംബം അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലെ തലോജ സെൻട്രൽ ജയിലിൽ കഴിയുന്ന ഹാനി ബാബുവിന്‍റെ കണ്ണിന് അണുബാധ ഉണ്ടായെന്നും അണുബാധ തലച്ചോറിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തിൽ കുടുംബം വ്യക്​തമാക്കിയിരുന്നു. ഹാനി ബാബുവിന്‍റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട്​ ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമാണ്​ മുഖ്യമന്ത്രിക്ക്​ കത്ത്​ എഴുതിയത്​.

2020 ജൂലൈ 29നാണ് തൃ​ശൂ​ർ സ്വ​ദേ​ശി​യും ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല ഇം​ഗ്ലീ​ഷ്​​ വി​ഭാ​ഗം അ​സോസിയേറ്റ് ​പ്ര​ഫ​സ​റുമായ ഹാ​നി ബാ​ബുവിനെ എ​ൻ.ഐ.​എ അറസ്റ്റ് ചെയ്തത്. ഭീ​മ-​കൊ​റേ​ഗാ​വ്​ വാർഷികത്തോടനുബന്ധിച്ചുണ്ടായ സംഘർഷ​ത്തി​​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​യാ​ണെ​ന്നും മാ​വോ​വാ​ദി ആ​ശ​യ​ത്തിന്‍റെ പ്ര​ചാ​ര​ക​നാ​ണെ​ന്നുമാണ്​ എ​ൻ.ഐ.​എ ആ​രോ​പണം.

തെ​ലു​ഗു ക​വി വ​ര​വ​ര റ​വു അ​ട​ക്കം പ്ര​തി​ക​ളാ​യ കേ​സി​ൽ അ​റ​സ്​​റ്റി​ലായ 12ാമ​ത്തെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും ര​ണ്ടാ​മ​ത്തെ മ​ല​യാ​ളി​യു​മാ​ണ്​ ഹാ​നി ബാ​ബു. കൊ​ല്ലം സ്വ​ദേ​ശി റോ​ണ വി​ൽ​സ​നാ​ണ്​ അ​റ​സ്​​റ്റി​ലാ​യ മ​റ്റൊ​രു മ​ല​യാ​ളി. മാ​വോ​വാ​ദി ബ​ന്ധ​ത്തി‍ന്‍റെ പേ​രി​ൽ നാ​ഗ്​​പൂ​രി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ൽ ക​ഴി​യു​ന്ന ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫ​സ​ർ ജി.​എ​ൻ. സാ​യി ബാ​ബ​യു​ടെ മോ​ച​ന​ത്തി​നാ​യു​ള്ള സ​മി​തി​യി​ൽ അം​ഗ​വു​മാ​ണ്​ ഹാ​നി ബാബു.

ഹാനിബാബുവിന്‍റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന്​ അയച്ച കത്തിന്‍റെ പൂർണ രൂപം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,

ജൂലൈ 2020 മുതൽ ഭീ​മ-​കൊ​റേ​ഗാ​വ്​ കേസിൽ വിചാരണ തടവുകാരനായി തലോജാ ജയിലിൽ കഴിയുന്ന ഹാനി ബാബുവിന് കണ്ണിൽ തീവ്രമായ അണുബാധ പിടിപ്പെട്ടതായി അറിയാൻ കഴിഞ്ഞു. ഇടതുകണ്ണിലെ നീരുകാരണം അദ്ദേഹത്തിന് ഒരു കണ്ണിന്‍റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ആ കണ്ണിന്‍റെ കാഴ്ച പൂർണമായി നഷ്ടപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു. കൂടാതെ, അണുബാധ ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലേക്കു പടരുന്നു. തലച്ചോറിനെ ബാധിക്കാനും അതുവഴി അദ്ദേഹത്തിന്‍റെ ജീവൻ തന്നെ അപകടത്തിലാക്കാനും സാധ്യതയുണ്ടെന്ന വളരെ ഗുരുതര സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്.

അതിഭീകരമായ വേദനമൂലം ഹാനി ബാബുവിന് ഉറങ്ങാനോ, ദിനചര്യകൾ നിര്‍വഹിക്കാനോ സാധിക്കുന്നില്ല. ജയിലിലെ രൂക്ഷമായ ജലക്ഷാമം മൂലം അണുബാധയുള്ള കണ്ണ് സമയാസമയം കഴുകാനോ വൃത്തിയായി പരിപാലിക്കാനോ പോലും കഴിയുന്നല്ല. ജയിലിലെ ഇത്തരം പരിമിതികൾ മൂലം വൃത്തിയില്ലാത്ത തുണി കൊണ്ടാണ് അദ്ദേഹത്തിന് കണ്ണ് മൂടി കെട്ടേണ്ടി വരുന്നത്.

2021മെയ് 3നാണ് ആദ്യമായി ഹാനി ബാബുവിന് ഇടതുകണ്ണിൽ വേദനയും നീർക്കെട്ടും അനുഭവപ്പെട്ടത്, ഇത് പെട്ടെന്നുതന്നെ ഡബിൾ വിഷനിലേക്കും സഹിക്കാൻ കഴിയാത്ത വേദനയിലേക്കും മാറുകയാണുണ്ടായത്. ജയിലിൽ ചികിത്സക്ക് ആവശ്യമായ സൗകര്യങ്ങൾ ഒന്നുമില്ല എന്ന പ്രിസൺ മെഡിക്കൽ ഓഫീസറുടെ നിർദേശത്തെ തുടര്‍ന്ന് അന്നുതന്നെ ഒരു നേത്രരോഗ വിദഗ്ദന്‍റെ അഭിപ്രായം തേടണമെന്ന് ഹാനി ബാബു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എസ്കോർട്ട് ഓഫീസർ ഇല്ല എന്ന ഒറ്റകാരണം പറഞ്ഞു കൊണ്ട് ജയിലധികൃതര്‍ അത് മാറ്റിവെച്ചു.

സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് ഹാനി ബാബുവിന്‍റെ അഭിഭാഷകന്‍ സൂപ്രണ്ടിന് അയച്ച നിരന്തര മെയില്‍ സന്ദേശങ്ങളാണ് ഡോക്ടറിന്‍റെ അടുത്തു പോകാനുള്ള അനുമതി സാധ്യമാക്കിയത്. മെയ് 7ന് വാഷിയിലുള്ള സർക്കാർ ആശുപത്രിയിൽ അഭിഭാഷകര്‍ ഹാനി ബാബുവിനെ കൊണ്ടുപോയി. അവിടെ ഹാനി ബാബുവിനെ ചികിത്സിച്ച നേത്രരോഗവിദഗ്ദന്‍ അണുബാധ മാറാനുള്ള മരുന്നുകൾ കൊടുക്കുകയും രണ്ട് ദിവസം കഴിഞ്ഞ് തുടർചികിത്സക്കായി ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ അപകടകരമാംവിധം അദ്ദേഹത്തിന്‍റെ ആരോഗ്യം വഷളായെങ്കിലും തുടർചികിത്സക്കായി ആശുപത്രിയിൽ കൊണ്ടുപോയില്ല. എസ്കോർട്ട് ഓഫീസറില്ലെന്ന കാരണം തന്നെയാണ് പതിവുപോലെ ജയിൽ അധികാരികൾ പറഞ്ഞത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെയധികം വിഷമമേറിയ മാനസികാവസ്‌ഥയിലൂടെ ആണ് ഞങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ചികിത്സ പോലെ വളരെ പ്രാഥമികമായ ഒരു അവകാശത്തിന് വേണ്ടി ഹാനി ബാബുവിന് യാചിക്കേണ്ടി വരുന്നത് ആലോചിക്കാവുന്നതിലും അപ്പുറമാണ്. അഡ്വക്കറ്റ് മിസ്. റോയിയുടെ നിരന്തരമായ ശ്രമമുണ്ടായിട്ടും ജയിലിൽ നിന്ന് ഞങ്ങൾക്ക് ഒരു മറുപടി പോലും ലഭിച്ചിട്ടില്ല. വളരെ ഗുരുതരമായ ഈ അസുഖത്തിന് ഹാനിബാബുവിന് വിദഗ്ദ ചികിത്സ അടിയന്തരമായി ലഭ്യമാക്കിയില്ലെങ്കില്‍ എന്തും സംഭവിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജയിലധികൃതര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സുതാര്യമായും മാനുഷിക പരിഗണവെച്ചും പെരുമാറേണ്ടതുണ്ട്.

നമ്മുടെ രാജ്യത്തിന്‍റെ മഹത്തായ ഭരണഘടന ഉറപ്പുതരുന്ന ഒരവകാശത്തിനു വേണ്ടി അധികാരികളോട് ഇങ്ങനെ താണുകേണപേക്ഷിക്കേണ്ടി വരുന്നു എന്നതുതന്നെ എത്ര ദയനീയമായ സ്ഥിതിയാണ്! അതിനാല്‍ ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍, ചെറുതും വലുതുമായ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ട് എന്ന് ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

ഹാനിബാബു നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഇടപെടാന്‍ തയാറാകണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. അടിയന്തര ചികിത്സ ലഭ്യമാക്കാനും അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാനും കേരള മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

എന്ന്,

പ്രഫ. ജെന്നി റൊവീന, ഡൽഹി സർവകലാശാല (ഭാര്യ)

ഫർസാന (മകൾ)

ഫാത്തിമ (മാതാവ്)

ഡോ. ഹരീഷ് എം.ടി, കോഴിക്കോട് മെഡിക്കൽ കോളജ് (സഹോദരൻ)

പ്രഫ. എം.ടി. അൻസാരി, ഹൈദരാബാദ് സർവകലാശാല (സഹോദരൻ).


Show Full Article
TAGS:Hani Babu Bhima Koregaon case Pinarayi Vijayan 
News Summary - CM says he will intervene to provide treatment to Honeybabu
Next Story