Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അവർ അനധികൃത താമസക്കാരല്ല, അഭയാർഥികൾ’; റോഹിങ്ക്യകൾക്കെതിരായ കേന്ദ്രനീക്കത്തിൽ തുറന്നടിച്ച് ഉമർ അബ്ദുല്ല

text_fields
bookmark_border
https://www.madhyamam.com/tags/jammu-kashmir
cancel
camera_alt

ഉമർ അബ്ദുല്ല

ശ്രീനഗർ: ജമ്മു-കശ്മീരിൽ റോഹിങ്ക്യൻ അഭയാർഥികൾക്കെതിരെ പെട്ടെന്നുണ്ടായ പൊലീസ് നടപടികളിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി ഉമർ അബ്ദുല്ല. വിഷയത്തിൽ ജമ്മു-കശ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന് യാതൊരു നിയന്ത്രണവുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, റോഹിങ്ക്യകൾക്കെതിരെ നടപടി വിചിത്രമായി തോന്നുന്നുവെന്ന് പ്രതികരിച്ചു.

ശ്രീനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുമതിയില്ലാതെ എത്തിയ ബംഗ്ലാദേശികളെ പോലെയല്ല, റോഹിങ്ക്യകൾ. സ്വന്തം രാജ്യത്തുനിന്ന് തുരത്തപ്പെട്ടതാണവർ. അതുകൊണ്ടാണ് നമ്മൾ അവർക്ക് അഭയം നൽകിയതെന്നും ഉമർ അബ്ദുല്ല പറഞ്ഞു.

ഇത് ജമ്മു-കശ്മീർ സർക്കാറിന്റെ നിയന്ത്രണത്തിനപ്പുറമുള്ള കാര്യമാണ്. കേന്ദ്ര സർക്കാറാണ് അഭയാർഥി വിഷയം കൈകാര്യം ചെയ്യുന്നത്. കേന്ദ്ര സർക്കാർ പൊലീസിന്റെ സഹായം തേടുന്നു. പൊലീസും തങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന കാര്യം അറിയാമല്ലോയെന്നും അദ്ദേഹം ചോദിച്ചു.

ജമ്മു-കശ്മീരിൽ അനധികൃതമായി താമസിച്ചിരുന്നതായി കണ്ടെത്തിയ അറുനൂറോളം ബംഗ്ലാദേശി പൗരന്മാരിൽ 150 പേരെ നാടുകടത്തൽ നടപടിയുടെ ഭാഗമായി കഴിഞ്ഞദിവസം പശ്ചിമ ബംഗാളിലേക്ക് മാറ്റിയിരുന്നു. ബംഗ്ലാദേശിലേക്ക് തിരികെ അയക്കുന്നതിനായി ഇവരെ ബി.എസ്.എഫിന് കൈമാറുമെന്നാണ് സൂചന. കസ്റ്റഡിയിലെടുത്തവരിൽ ചിലർ റോഹിങ്ക്യകളാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആഗസ്റ്റിൽ കേന്ദ്രം നിയമിച്ച ഉന്നതതല സമിതിക്ക് മുന്നിൽ അവതരിപ്പിച്ച സർക്കാർ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 7,656 റോഹിങ്ക്യകൾ താമസിക്കുന്നതായാണ് കണ്ടെത്തിയത്. ജമ്മുവിൽ 6,737 പേർ, കശ്മീർ താഴ്‌വരയിൽ 919 എന്നിങ്ങനെയാണ് കണക്ക്.

നിലവിലുള്ള നടപടികളുടെ ഭാഗമായി ജമ്മുവിൽ റോഹിങ്ക്യകൾ താമസിക്കുന്ന ഭൂമിയുടെ ഉടമകളോട് അവരെ ഒഴിപ്പിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് ചിലയിടങ്ങളിൽ താൽക്കാലിക കുടിലുകളും മറ്റും പൊളിച്ചുമാറ്റിയിരുന്നു.

ഇന്ത്യയിൽ പ്രത്യേക അഭയാർഥി നിയമമില്ലാത്തതിനാൽ, സാധുവായ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന റോഹിങ്ക്യകൾ അനധികൃത കുടിയേറ്റക്കാരാണെന്നാണ് കേന്ദ്ര സർക്കാറിന്റെ നിലപാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story