ഗെഹ്ലോട്ടിന് ക്ലീൻചിറ്റ്; നിരീക്ഷകർ സോണിയക്ക് നൽകിയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുകളില്ല
text_fieldsന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിൽ എം.എൽ.എമാരുടെ രാജിഭീഷണിയെയും തുടർന്നുണ്ടായ നാടകീയ സംഭവങ്ങളെയും കുറിച്ച് അന്വേഷിക്കാൻ ഹൈകമാൻഡ് നിയോഗിച്ച നിരീക്ഷകർ സോണിയ ഗാന്ധിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കുറ്റപ്പെടുത്തലുകളില്ല. മൂന്ന് എം.എൽ.എമാർക്കെതിരെ മാത്രമാണ് റിപ്പോർട്ടിൽ അച്ചടക്ക നടപടിക്ക് നിർദേശിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗെഹ്ലോട്ടിന്‍റെ സ്ഥാനാർഥിത്വം തന്നെ ചോദ്യംചെയ്യപ്പെടുന്ന ഘട്ടത്തിൽ, നിരീക്ഷകർ നൽകിയ റിപ്പോർട്ട് രാജസ്ഥാൻ മുഖ്യമന്ത്രിക്ക് ആശ്വാസം പകരുന്നതാണ്.
ചീഫ് വിപ്പ് മഹേഷ് ജോഷി, ധർമേന്ദ്ര പഥക്, ശാന്തി ധരിവാൾ എന്നിവർക്കെതിരെയാണ് റിപ്പോർട്ടിൽ അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്തിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിലാണ് എം.എൽ.എമാരുടെ യോഗം സമാന്തരമായി വിളിച്ചുചേർത്ത് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്ന പ്രമേയം പാസാക്കിയത്. അല്ലെങ്കിൽ ഗെഹ്ലോട്ട് നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണം. സചിൻ പൈലറ്റ് 2020ൽ വിമതപ്രവർത്തനം നടത്തിയയാളാണെന്നും ഇവർ വിമർശിച്ചിരുന്നു.
പ്രത്യേകം യോഗം ചേർന്ന 92 എം.എൽ.എമാർ സ്പീക്കറെ കണ്ട് രാജിഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഓരോരുത്തരെയും നേരിട്ട് കാണാൻ സോണിയഗാന്ധി നിരീക്ഷകരായി അയച്ച അജയ് മാക്കനോടും മല്ലികാർജുൻ ഖാർഗെയോയും നിർദേശിച്ചിരുന്നെങ്കിലും എം.എൽ.എമാർ തയാറായിരുന്നില്ല.
ഒമ്പത് പേജുള്ള റിപ്പോർട്ടിൽ ഞായറാഴ്ച മുതൽ രാജസ്ഥാൻ കോൺഗ്രസിൽ നടന്ന അപ്രതീക്ഷിത സംഭവങ്ങൾ ഒന്നിന് പിറകെ ഒന്നായി കാര്യകാരണ സഹിതം വിശദീകരിക്കുന്നുണ്ടെന്നാണ് പുറത്തുവന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

