ചെന്നൈ: സ്കൂളിൽ വൈകി വന്നതിന് വെയിലത്ത് ചാടിപ്പിക്കൽ ശിക്ഷ നൽകിയ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പെരമ്പൂർ ഡോൺബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി പെരമ്പൂർ ജമാലിയിൽ താമസിക്കുന്ന നരേന്ദ്രനാണ് (15) മരിച്ചത്.
രാവിലെ പത്ത് മിനിറ്റ് വൈകിയതിെൻറ പേരിലായിരുന്നു കൊടുംവെയിലത്ത് ചാടിപ്പിക്കൽ ശിക്ഷ. കഴിഞ്ഞദിവസമാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ ഫാ. ആർ. ജറാൾഡ്, കായികാധ്യാപകൻ ജയസിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വൈകിയെത്തിയ വിദ്യാർഥികളെ വെയിലത്ത് നിർത്തിയ ശേഷം ഇരിക്കുന്ന രൂപത്തിൽ ചാടി മുന്നോട്ടുപോകാൻ കായികാധ്യാപകനാണ് നിർദേശിച്ചത്. തളർന്നുവീണ നരേന്ദ്രനെ സ്റ്റാൻലി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിദ്യാർഥികളെ ശിക്ഷിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ രക്ഷകർത്താക്കൾ സ്കൂളിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. നരേന്ദ്രെൻറ പിതാവ് മുരളി ചെന്നൈ സിറ്റി പൊലീസിൽ പരാതി നൽകി. മാതാവ്: ചിത്രപാവയ്.