കുശലനഗർ: കർണാടകയിെല കുശലനഗറിൽ ഒമ്പതാംക്ലാസ് വിദ്യാർഥിയെ സ്കൂളിലെ വാഷ്റൂമിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുടക് ജില്ലയിലെ പ്രമുഖ സൈനിക സ്കൂളിൽ ശനിയാഴ്ചയാണ് സംഭവം. സ്കൂളിലെ ഹോക്കി കോച്ച് നാഗേന്ദ ടി.പൂവൈഡിെൻറ മകൻ എൻ.പി.ചിങ്കപ്പയാണ് (14) കൊല്ലപ്പെട്ടത്. ഗുജറാത്തിലെ വഡോദരയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി സ്കൂൾ ബാത്റൂമിൽ െകാല്ലപ്പെട്ട സഭവത്തിന് പിന്നാലെയാണ് കർണാടകയിലും ഇതേസംഭവം അരങ്ങേറിയത്.
സ്കൂൾ അധികൃതർ ബാത്റൂമിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പലും നാല് മറ്റു ജീവനക്കാരും പൊലീസ് നിരീക്ഷണത്തിലാണ്. സംഭവ ദിവസം രാവിലെ കുട്ടിക്കതിരെ അച്ചടക്ക ലംഘനത്തിന് അധ്യാപകർ നടപടി എടുത്തിരുന്നു. അന്ന് വൈകീട്ടാണ് കുട്ടിയെ ബാത്റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പൊലീസിെൻറ അന്വേഷണത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
കുട്ടിയുടെ പിതാവ് നേരത്തെ സ്കൂൾ അധികൃതർക്ക് എതിരെ പരാതി നൽകിയിരുന്നു. വൈസ് പ്രിൻസിപ്പലും ചില അധ്യാപകരും കുട്ടിയെ ദ്രോഹിക്കുകയാണെന്നായിരുന്നു പരാതി. എന്നാൽ പിതാവിെൻറ പരാതി ആരും കാര്യമാക്കിയിരുന്നില്ല.
കഴിഞ്ഞ ദിവസം രാത്രി കുട്ടിയുടെ കുടുംബവും നാട്ടുകാരും മൃതദേഹം സൂക്ഷിച്ച ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധിച്ചിരുന്നു. ബാത്റൂമിൽ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടപ്പോൾ സ്കൂൾ അധികൃതർ പൊലീസിനെ അറിയിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.