മതപരിവർത്തനത്തെച്ചൊല്ലി ഛത്തീസ്ഗഡിലെ ബിലാസ്പൂരിലും ദുർഗിലും സംഘർഷം
text_fieldsപ്രതീകാത്മക ചിത്രം
ബിലാസ്പുരിൽ പ്രാർഥനക്കായി ക്രിസ്ത്യൻ സമുദായത്തിൽപെട്ട മുന്നോറോളം പേർ ഒത്തുകൂടിയതിനെ മതപരിവർത്തനം നടത്തുന്ന സംഘമെന്ന് ആരോപിച്ച് ഹിന്ദുസംഘടനകൾ പ്രകടനം നടത്തുകയും സംഘർഷമുണ്ടാക്കുകയും ചെയ്തു.
ബിലാസ്പുർ, ദുർഗ് ജില്ലകളിൽ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തു. പ്രാർഥനായോഗം തുടങ്ങിയതോടെ പ്രതിഷേധവും അക്രമങ്ങളും ആരംഭിക്കുകയായിരുന്നു. ബിലാസ് പുരിലെ സിപത് പ്രദേശത്താണ് ക്രിസ്ത്യൻ സമുദായത്തിൽപെട്ടവർ പ്രാർഥനക്കായി ഒത്തുകൂടിയത്. വിവിധ ഹിന്ദുസമുദായ സംഘടനകൾ പ്രാർഥനക്കെതിരെ മുദ്രാവാക്യം മുഴക്കുകയും പ്രദേശം സംഘർഷഭരിതമാവുകയും ചെയ്തു.
സിപത് പൊലീസെത്തി ക്രിസ്ത്യൻ സമുദായത്തിൽപെട്ട ഏഴുപേർക്കെതിരെ മതപരിവർത്തനമാരോപിച്ച് കേസെടുത്തു. ഇതിൽ പ്രകോപിതരായി നൂറോളം ക്രിസ്ത്യൻ സമുദായാംഗങ്ങൾ പൊലീസ് സ്റ്റേഷൻ വളയുകയും അവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. നടപടിയാവശ്യപ്പെട്ട് ഹിന്ദുസംഘടനകളുമെത്തിയതോടെ പത്തുമണിക്കൂറോളം സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു.
പത്മനാഭ്പുർ പൊലീസ് സ്റ്റേഷൻ പ്രദേശത്തെ ജയിൽ റോഡിലെ ബഫ്‌ന മംഗലത്തിനടുത്തുള്ള ഒരു വീട്ടിൽ പ്രാർഥന യോഗം നടക്കുന്നതിനിടെ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ, ഹിന്ദു ജാഗരൺ മഞ്ച് തുടങ്ങിയ സംഘടനകളുടെ പ്രവർത്തകർ ഒരു പ്രാദേശിക പള്ളി വളഞ്ഞത് ദുർഗിലും സ്ഥിതിഗതികൾ വഷളാക്കി.
ബജ്രംഗ് ദൾ പ്രവർത്തകരെ അധിക്ഷേപിച്ചെന്നാരോപിച്ച് ജോൺ എന്നുപേരുള്ള ഒരാളെ മർദിക്കുകയും ചെയ്തു. ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ ക്രിസ്ത്യൻ സമുദായാംഗങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് മുദ്രാവാക്യം വിളികളുമായെത്തി. ഇരുസമുദായക്കാരും പരാതികളുമായി സ്റ്റേഷനിലെത്തിയതോടെ സംഘർഷം പൊട്ടിപ്പുറപ്പെടുമെന്ന സ്ഥിതിയായിരുന്നു.
കൂടുതൽ പൊലീസെത്തി ഇരുവിഭാഗത്തിന്റെയും പ്രതിനിധികളുമായി ചർച്ചനടത്തുകയും അറസ്റ്റുചെയ്തവരെ ജാമ്യത്തിൽ വിടുകയുംചെയ്തു. ബജ്രംഗ്ദൾ പ്രവർത്തകർ ജോൺ സാമൂഹികവിരുദ്ധനാണെന്നും വിദേശഫണ്ട് കൈകാര്യംചെയ്യുന്നതിൽ അന്വേഷണം നേരിടുന്നയാളാണെന്നും ഗ്രാമത്തിൽനിന്ന് പുറത്താക്കണമെന്നുമായിരുന്നു ആവശ്യം. പണം കൊടുത്ത് മതപരിവർത്തനം നടത്തിയതായും ആരോപിച്ചു.
ദുർഗിലെ പൊലീസ് മേധാവി ക്രിസ്ത്യൻ സമുദായാംഗങ്ങൾ പ്രാർഥനക്കായി മുൻകൂർ അനുവാദം വാങ്ങിയിരുന്നെന്നും നിയമവിധേയമായ കാര്യങ്ങളാണ് അവിടെ നടന്നതെന്നും സംഘർഷം അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ടു.. തങ്ങൾക്കുനേരെ അധിക്ഷേപമുന്നയിക്കുകയായിരുന്നെന്നും കേസുകൾ കെട്ടിചമച്ചവയാണെന്നും ക്രിസ്‍ത്യൻ മതനേതാക്കൾ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

