ഡൽഹിയിലെ തുർക്മാൻ ഗേറ്റിൽ ‘ബുൾഡോസർ രാജ്’; പുലർച്ചെ ഒന്നരക്ക് ഒഴിപ്പിക്കൽ, സംഘർഷം
text_fieldsന്യൂഡൽഹി: രാംലീല മൈതാനത്തിനു സമീപത്തെ സയ്യിദ് ഫയ്സെ ഇഹാലി മസ്ജിദിനോട് ചേർന്നുള്ള അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ സംഘർഷം.
മസ്ജിദിനോട് ചേർന്നുള്ള അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഹൈകോടതി ഉത്തരവുണ്ടെന്ന പേരിൽ പുലർച്ചെ ഒന്നരക്കാണ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതർ ഇരുപതോളം മണ്ണുമാന്തി യന്ത്രങ്ങളുമായി പ്രദേശത്ത് എത്തിയത്. പ്രതിഷേധവുമായി പ്രദേശവാസികൾ എത്തിയത് സംഘർഷത്തിനിടയാക്കി. മസ്ജിദിന്റെ ഒരു ഭാഗം ഉൾപ്പെടെയാണ് ഒഴിപ്പിച്ചത്. ഇതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പൊലീസിനു നേരെ കല്ലേറുണ്ടായി. അഞ്ചു പൊലീസുകാർക്ക് പരിക്കേറ്റതായി മുതിർന്ന പൊലീസ് ഓഫിസർ നിധിൻ വൽസൻ മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് സംഘത്തിനുനേരെ 30ഓളം വരുന്ന ജനക്കൂട്ടം കല്ലെറിഞ്ഞു. ഇതിലാണ് അഞ്ചു പൊലീസുകാർക്ക് പരിക്കേറ്റത്. സംഘർഷം നിയന്ത്രിക്കാനാണ് കണ്ണീർവാതകം പ്രയോഗിച്ചത്. പൊതുജനങ്ങൾക്കുള്ള പ്രയാസം ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് അർധ രാത്രിയിൽ കൈയേറ്റങ്ങൾ പൊളിച്ചുമാറ്റിയതെന്നും പൊലീസ് പറയുന്നു. കല്ലേറിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുക്കുമെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും പൊലീസ് ഓഫിസർ കൂട്ടിച്ചേർത്തു.
തുർക്മാൻ ഗേറ്റിലെ 38,940 ചതുരശ്ര അടിയിലുള്ള കൈയേറ്റം ഒഴിപ്പിക്കാൻ കഴിഞ്ഞ നവംബറിൽ ഡൽഹി ഹൈകോടതി ഡിവിഷൻ ബെഞ്ച് മൂന്നു മാസത്തെ കാലാവധിയാണ് നൽകിയതെന്ന് കോർപറേഷൻ അധികൃതർ പറയുന്നു. രാംലീല മൈതാനത്തിലെ മസ്ജിദിനും ഖബർസ്ഥാനും സമീപമുള്ള ഭൂമിയിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യാനുള്ള മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് മസ്ജിദ് മാനേജിങ് കമ്മിറ്റി സമർപ്പിച്ച ഹരജിയിൽ ഹൈകോടതി ചൊവ്വാഴ്ച നോട്ടീസ് അയച്ചെങ്കിലും സ്റ്റേ ചെയ്യാൻ വിസമ്മതിച്ചിരുന്നു.
റോഡിന്റെ ഭാഗങ്ങൾ, കാൽനടപ്പാത, പാർക്കിങ് ഏരിയ, ഒരു സ്വകാര്യ ഡയഗ്നോസ്റ്റിക് സെന്റർ എന്നിവയാണ് ഒഴിപ്പിച്ചത്. കോർപറേഷൻ ഉദ്യോഗസ്ഥർ ജനുവരി നാലിന് സ്ഥലം സന്ദർശിച്ച് കൈയേറിയ സ്ഥലം അടയാളപ്പെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

