ഉമർ ഖാലിദ്, ഷർജീൽ ഇമാം, ജി.എൻ സായി ബാബയടക്കമുള്ളവരുടെ ചിത്രങ്ങൾ രാവണ തലകളാക്കി തീകൊളുത്തി എ.ബി.വി.പി; ജെ.എൻ.യുവിൽ പ്രതിഷേധം
text_fieldsന്യൂഡൽഹി: വിജയദശമി ദിനത്തിൽ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന പൗരത്വ സമര നേതാക്കളും ജെ.എൻ.യു മുൻ വിദ്യാർഥി നേതാക്കളുമായ ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഭരണകൂട ഭീകരയുടെയുടെ ഇരയായ അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ പ്രൊഫ. ജി.എൻ സായി ബാബ, ചാരു മജുംദാർ, അഫ്സൽ ഗുരു അടക്കമുള്ളവരുടെ ചിത്രങ്ങൾ രാവണ തലകളാക്കി അഗ്നിക്കിരയാക്കിയ എ.ബി.വി.പിക്കെതിരെ പ്രതിഷേധം. വ്യാഴാഴ്ച രാത്രി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെ.എൻ.യു) ആയിരുന്നു സംഭവം.
ഇത് ജെ.എൻ.യു വിദ്യാർഥി യൂനിയനും ഇടത് വിദ്യാർഥി സംഘടനകളും ചോദ്യം ചെയ്ത് രംഗത്തുവന്നു. ഇതോടെ ദുർഗ പൂജ ചടങ്ങ് തടസപ്പെടുത്തിയെന്ന് ആരോപിച്ച് എ.ബി.വി.പി പ്രവർത്തർ ആക്രമിച്ചതോടെ സംഭവം സംഘർഷത്തിലേക്ക് നീങ്ങി.
വിഗ്രഹ നിമജ്ജന ഘോഷയാത്രയെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ ആക്രമിച്ചതായി എ.ബി.വി.പി ആരോപിച്ചു. ജെ.എൻ.യു ഇനി നക്സലൈറ്റ്, ഇടതുപക്ഷ ചിന്താഗതിയെ മഹത്വവൽക്കരിക്കാനുള്ള കേന്ദ്രമായി മാറില്ല, മറിച്ച് അതിന്റെ അന്ത്യത്തിന് സാക്ഷ്യം വഹിക്കുമെന്ന് എ.ബി.വി.പി കുറ്റപ്പെടുത്തി.
രാവണ ദഹന പരിപാടിയിലൂടെ മതത്തെ രാഷ്ട്രീയ പ്രചാരണത്തിനായി എ.ബി.വി.പി ഉപയോഗിച്ചുവെന്ന് ഇടതുപക്ഷ സംഘടനകൾ ആരോപിച്ചു. രാഷ്ട്രീയ നേട്ടം കൊയ്യാൻ എ.ബി.വി.പി മതവികാരം ചൂഷണം ചെയ്യുകയാണെന്ന് ഇടത് വിദ്യാർഥി സംഘടനയായ ഐസ കുറ്റപ്പെടുത്തി. വിദ്വേഷത്തിന്റെയും ഇസ്ലാമോഫോബിയയുടെയും രാഷ്ട്രീയത്തെ ജെ.എൻ.യു തള്ളിക്കളയുമെന്നും ഐസ പ്രസ്താവനയിൽ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് എന്തിനാണെന്നും രാജ്യത്തെ കുറിച്ച് ആധിയുണ്ടായിരുന്നെങ്കിൽ രാവണന്റെ തലയായി ഗോഡ്‌സേയുടെ ചിത്രമായിരുന്നു പതിക്കേണ്ടിയിരുന്നതെന്നും വിദ്യാർഥി യൂനിയൻ കുറ്റപ്പെടുത്തി.
വിഷയത്തിൽ ജെ.എൻ.യുവിന്‍റെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

