റായ്ബറേലി ബി.ജെ.പി ക്യാമ്പിൽ കലഹം; സ്ഥാനാർഥിയുമായി ഇടഞ്ഞ് ബി.ജെ.പി എം.എൽ.എ; ഇടപെട്ട് അമിത് ഷാ
text_fieldsറായ്ബറേലി: റായ്ബറേലിയിൽ ബി.ജെ.പി ക്യാമ്പിൽ കലഹം. റായ്ബറേലി നിയമസഭ മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ അതിഥി സിങ്ങും എസ്.പിയുടെ വിമത എം.എൽ.എയും മുൻ മന്ത്രിയുമായ മാനോജ് കുമാർ പണ്ഡെയും സ്ഥാനാർഥി ദിനേശ് പ്രതാപ് സിങ്ങുമായി ഇടഞ്ഞതോടെയാണിത്. പ്രശ്നം പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടെത്തി.
റായ്ബറേലിയിൽ ഏഴു തവണ എം.എൽ.എയായ അഖിലേഷ് സിങ്ങിന്റെ മകളാണ് അതിഥി സിങ്. 2017ൽ കോൺഗ്രസ് ടിക്കറ്റിലും 2022ൽ ബി.ജെ.പി സ്ഥാനാർഥിയായും നിയമസഭയിലെത്തിയ അതിഥിയും സംസ്ഥാന മന്ത്രികൂടിയായ ദിനേശ് പ്രതാപ് സിങ്ങും നേരത്തേതന്നെ സ്വരച്ചേർച്ചയില്ല. 2019ലെ തെരഞ്ഞെടുപ്പ് കാലത്ത് അതിഥി സിങ്ങിന്റെ കാറിനുനേരെ ദിനേശ് പ്രതാപിന്റെ സഹോദരനും സംഘവും ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്.
റായ്ബറേലിയിൽ ദിനേശ് പ്രതാപ് സിങ്ങിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ മുതൽ അതിഥി പൊതുവേദികളിൽ കാര്യമായി പ്രത്യക്ഷപ്പെടാറില്ല. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും അതിഥി എത്തിയില്ല. കഴിഞ്ഞദിവസം, അമിത് ഷാ പങ്കെടുത്ത റാലിയിലാണ് അവർ ആദ്യമായി പങ്കെടുത്തത്. എന്നാൽ, വേദിയിൽ ഇരുന്നതല്ലാതെ സദസ്സിനെ അഭിസംബോധന ചെയ്യാൻ അവർ തയാറായില്ല. സമ്മേളനത്തിനുശേഷം, അമിത് ഷാ അതിഥിയുമായി സംസാരിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുവേണ്ടി വോട്ടുചെയ്തയാളാണ് എസ്.പിയുടെ ചീഫ് വിപ്പുകൂടിയായിരുന്ന മനോജ് കുമാർ പാണ്ഡെ. അന്നുതൊട്ട്, ബി.ജെ.പി പാളയത്തിലാണ് അദ്ദേഹം. മണ്ഡലത്തിലെ പ്രമുഖ ബ്രാഹ്മണ നേതാവുകൂടിയാണ് അദ്ദേഹം. 18 ശതമാനമാണ് ഇവിടത്തെ ബ്രാഹ്മിൺ ജനസംഖ്യ. എസ്.പിയിൽനിന്ന് കൂടുമാറുമ്പോൾ റായ്ബറേലി മണ്ഡലമായിരുന്നു മനോജ് കുമാർ ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ, ബി.ജെ.പി പ്രതാപ് സിങ്ങിനുതന്നെ ഒരിക്കൽകൂടി അവസരം നൽകിയതാണ് മനോജ് കുമാർ പാണ്ഡെയെ പ്രകോപിപ്പിച്ചത്. പ്രതാപ് സിങ്ങിന്റെ നാമനിർദേശ പത്രിക സമർപ്പണത്തിൽനിന്നടക്കം പ്രതിഷേധിച്ച് മാറിനിന്ന മനോജ് കുമാറിന്റെ നടപടി മണ്ഡലത്തിലെ ബ്രാഹ്മണ വോട്ടുകൾ നഷ്ടപ്പെടുമെന്ന സാഹചര്യത്തിലാണ് വിഷയത്തിൽ അമിത് ഷാ ഇടപെട്ടത്. മനോജ് കുമാറിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച അമിത് ഷാ പാണ്ഡെക്ക് പിന്തുണ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

