പശ്ചിമ ബംഗാളിൽ ബാബറി മസ്ജിദും രാമക്ഷേത്രവും അതേ രൂപത്തിൽ നിർമിക്കുമെന്ന് അവകാശവാദം; ശിലയിടലും ഭൂമിപൂജയും ഡിസംബർ ആറിന്
text_fieldsകൊൽക്കത്ത: അയോധ്യയിൽ നിന്ന് 850 കിലോമീറർ ദൂരെ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ബാബ്റി മസ്ജിദ് അതേ രൂപത്തിൽ നിർമിക്കുമെന്നുകാട്ടി പോസ്റ്ററുകൾ പതിച്ചു. ഇതോടെ അയോധ്യയിലെ ക്ഷേത്രവും അതേ രൂപത്തിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ചും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
ബാബ്റി മസ്ജിദ് തകർക്കപ്പെട്ടിട്ട് 33 വർഷത്തിനുശേഷമാണ് ഇങ്ങനെയൊരു പ്രഖ്യാപനം വരുന്നത്. ഡിസംബർ ആറിന് ഇതിനുള്ള അടിസ്ഥാന ശില സ്ഥാപിക്കുമെന്ന് പോസ്റ്റർ പറയുന്നു. വെസ്റ്റ് ബംഗാൾ ഇസ്‍ലാമിക് ഫൗണ്ടേഷനാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇതിനായി ഒരു ട്രസ്റ്റും രൂപീകരിച്ചിട്ടുണ്ട്.
ബാബ്റി മസ്ജിദിന്റെ അതേ രൂപത്തിലായിരിക്കുമെങ്കിലും അത്രയും വലിപ്പമുണ്ടാകില്ല. ഇതിനായി സ്ഥലം കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്ന് ഫൗണ്ടേഷൻ സെക്രട്ടറിയും തൃണമൂൽ കോൺഗ്രസ് എം.എൽ.എയുമായ ഹുമയൂൺ കബീർ പറയുന്നു. ഡിസംബർ ആറിനു തന്നെ അടിസ്ഥാന ശിലയിടുമെന്നും എന്തു സംഭവിച്ചാലും നിർമിക്കുമെന്നും കബീർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ കഴിഞ്ഞ വർഷവും കബീർ ഇതേ പ്രഖ്യാപനം നടത്തിയതായി പറയുന്നു. എന്നാൽ തങ്ങളുടെ തീരുമാനത്തിന് നല്ല പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നതെന്നും 200 ബെഡുള്ള ആശുപത്രിയും അഞ്ചു നിലയുള്ള ഗസ്റ്ഹൗസും നിർമിക്കാനും ട്രസ്റ്റ് ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആരാധനാലയം നിർമിക്കുന്നത് തന്റെ ഭരണഘടനാപരമായ അവകാശമാണെന്നും മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കബീർ പറയുന്നു.
അതേസമയം രാമക്ഷേത്രം നിർമിക്കുമെന്ന് ബി.ജെ.പി മുൻ മുർഷിദാബാദ് പ്രസിഡൻറ് സഖറാബ് സർക്കാർ അവകാശപ്പെടുന്നു. എന്നാൽ എവിടെയെന്ന് നിശ്ചയിച്ചിട്ടില്ല. ഡിസംബർ ആറിന് ഭൂമി പൂജ ചെയ്യുമെന്നും സഖറാബ് സർക്കാർ പറഞ്ഞു. ടി.എം.സി തടസ്സം നിൽക്കുമെന്നതിനാൽ യഥാർഥ സ്ഥലം വെളിപ്പെടുത്തുന്നില്ലെന്നും ഇദ്ദേഹം പറയുന്നു.
എന്നാൽ ജനുവരി 22ന് ബോംഗിയോ റാം സേവക് പരിഷത്ത് ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന സഗർദിഘി നിയസഭാ മണ്ഡലം പരിധിയിൽ രാമക്ഷേത്രത്തിനായി ഭൂമിപൂജ നടത്തിയതായി അവകാശപ്പെടുന്നു. പശ്ചിമ ബംഗാളിന്റെ ബംഗ്ലാദേശ് അതിർത്തിയിലുള്ള പ്രദേശമാണ് മുർഷിദാബാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

