Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാലാമത്തെ സുപ്രധാന...

നാലാമത്തെ സുപ്രധാന ആവശ്യവുമായി സി.ജെ.പി; അംഗീകരിച്ചില്ലെങ്കിൽ സമരം തുടരും

text_fields
bookmark_border
നാലാമത്തെ സുപ്രധാന ആവശ്യവുമായി സി.ജെ.പി; അംഗീകരിച്ചില്ലെങ്കിൽ സമരം തുടരും
cancel

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി രാജിവക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മൂന്നാം ദിവസവും സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) മറ്റൊരു സുപ്രധാന ആവശ്യം കൂടി സർക്കാറിന് മുന്നിൽ വെച്ചു. ഇതംഗീകരിച്ചി​ല്ലെങ്കിൽ സമരത്തിൽനിന്ന് പിൻമാറില്ലെന്നും പ്രതിഷേധം തുടരുമെന്നും സി.ജെ.പി ഭാരവാഹികൾ അറിയിച്ചു.

ജൂലൈ 20ലെ പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയോ നിയമനടപടികൾ സ്വീകരിക്കുകയോ ചെയ്യരുതെന്നതാണ് പുതിയ ആവശ്യം. സമാധാനപരമായി പ്രതിഷേധിച്ചവരെ ഭരണകൂടം പൊലീസിനെ ഉപയോഗിച്ച് വേട്ടയാടി നിയമനടപടികളിൽ കുരുക്കുന്നുവെന്ന ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണിത്. തിങ്കളാഴ്ചത്തെ മാർച്ചിൽ വിദ്യാർഥികൾക്കെതിരെ ഡൽഹി പൊലീസ് നിരവധി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാർക്ക് നേരെ നടന്ന ക്രൂരമായ പൊലീസ് അതിക്രമത്തെ മറച്ചുവെക്കാനും വിദ്യാർഥികൾ അക്രമം അഴിച്ചുവിട്ടുവെന്ന് പ്രചരിപ്പിക്കാനുമാണ് പൊലീസ് നീക്കം. സിസിടിവി ദൃശ്യങ്ങളും ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ച് അക്രമികളെ തിരിച്ചറിയാൻ അന്വേഷണം ഊർജിതമാക്കിയതായാണ് പൊലീസ് പറയുന്നത്.

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കുക, പരീക്ഷാ ക്രമക്കേടുകൾ മൂലം ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഉടൻ മോചിപ്പിക്കുകയും അദ്ദേഹത്തിന്റെ സഞ്ചാരവിലക്ക് നീക്കുകയും ചെയ്യുക എന്നിവയാണ് പ്രതിഷേധക്കാർ മുന്നോട്ടുവെക്കുന്ന മറ്റ് മൂന്ന് ആവശ്യങ്ങൾ.

അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധം വൻ ജനമുന്നേറ്റമായി മാറുകയാണ്. ജൂലൈ 20-ന് നടന്ന 'സൻസദ് ചലോ' മാർച്ച് വെറുമൊരു 'ട്രെയിലർ' മാത്രമാണെന്നും കേന്ദ്ര സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ ഡൽഹിയിലേക്ക് ഒഴുകുമെന്നും സിജെപി വക്താവ് അശുതോഷ് രങ്ക മുന്നറിയിപ്പ് നൽകി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് പ്രധാനമായും പ്രതിഷേധം നടക്കുന്നത്. നീറ്റ് പരീക്ഷ ക്രമക്കേട്, സിബിഎസ്ഇ 12-ാം ക്ലാസ് പോർട്ടലിലെ അട്ടിമറി, സിയുഇടി പരീക്ഷ വൈകൽ തുടങ്ങിയ വിഷയങ്ങളിൽ മന്ത്രി പരാജയപ്പെട്ടുവെന്നും പരീക്ഷാ ക്രമക്കേടുകൾ മൂലം രാജ്യത്ത് 21 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് സമരം.

അതിനി​ടെ, നീറ്റ് ക്രമക്കേട് വിഷയത്തിൽ ലോക്സഭയിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ചട്ടപ്രകാരമുള്ള ഏത് ചർച്ചയ്ക്കും സർക്കാർ ഒരുക്കമാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. വിഷയത്തിൽ സിജെപി പ്രതിനിധികളുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയും അറിയിച്ചിട്ടുണ്ട്. മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സിജെപി പ്രതിനിധികളുമായി ഉടൻ കൂടിക്കാഴ്ച നടത്തും. എന്നാൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷവും സിജെപിയും.

കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ വസതിയിൽ ചർച്ച നടത്താനുള്ള ക്ഷണം കോ​ക്രോച്ച് ജനതാ പാർട്ടി നിരസിച്ചു. പ്രതിഷേധം നടക്കുന്ന ജന്തർ മന്തറിലാണ് ഏത് ചർച്ചയും നടക്കേണ്ടതെന്ന് പാർട്ടി തറപ്പിച്ചുപറഞ്ഞു. ചർച്ചക്ക് കേന്ദ്രമന്ത്രി ജെ.പി. നദ്ദ ആഗ്രഹിക്കുന്നുവെന്ന് പൊലീസ് അറിയിച്ചിരുന്നുവെന്നും എന്നാൽ, ആരുടെയും വീട്ടിലേക്കോ ഓഫിസിലേക്കോ പോകാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും വാർത്താ സമ്മേളനത്തിൽ സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു. ‘ഇവിടെയൊരു ജനതാ ദർബാർ നടക്കുകയാണ്, മന്ത്രിമാർക്ക് സംസാരിക്കണമെന്നുണ്ടെങ്കിൽ അവർ ജനങ്ങൾക്ക് മുന്നിലേക്ക് വരണം. ചർച്ചകൾ ജന്തർ മന്തറിൽ വെച്ച് തന്നെ നടക്കണം’ -അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധ സ്ഥലത്ത് ചർച്ച നടത്തുന്നതിൽ സർക്കാറിന് സുരക്ഷാ ആശങ്കകളുണ്ടെങ്കിൽ ജന്തർ മന്തറിന് സമീപമുള്ള ഏതെങ്കിലും പൊതുസ്ഥലത്ത് വെച്ച് കൂടിക്കാഴ്ച നടത്താൻ തയ്യാറാണ്. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാറിന് യഥാർഥത്തിൽ താല്പര്യമുണ്ടോ എന്ന് ആദ്യം വ്യക്തമാക്കണമെന്നും സൗരവ് ദാസ് ആവശ്യപ്പെട്ടു. ‘ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാനുള്ള മനസ് സർക്കാറിനുണ്ടാകണം, അല്ലാതെ അർഥശൂന്യമായ ചർച്ചകൾക്ക് തങ്ങളെ വിളിച്ചിട്ട് ഒരു കാര്യവുമില്ല. ഞങ്ങളുടെ സമയം വിലപ്പെട്ടതാണ്. ആയിരക്കണക്കിന് ആളുകളാണ് ഇപ്പോഴും ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്, അത് നിയന്ത്രിക്കേണ്ട ചുമതലയും ഞങ്ങൾക്കുണ്ട്’ -സൗരവ് ദാസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmendra pradhanBJPCockroach Janata PartyCJP Protest
News Summary - CJP’s fourth demand to the government as protests in Delhi intensify
Next Story