നേതാക്കളെ പൂട്ടിയാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി; അജിങ്ക്യ ഷിൻഡെ നയിക്കും
text_fieldsന്യൂഡൽഹി: ജന്തർ മന്തർ 2.0 സമരത്തിന് തൊട്ടുമുമ്പ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയെങ്കിലും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അഭിജിത് ദിപ്കെ. ഓർഗനൈസേഷൻ ഇൻ-ചാർജ് അജിങ്ക്യ ഷിൻഡെ ജന്തർ മന്തറിലെ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ചു. അഭിജിത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക് എന്നിവരെ വിമാനത്തിൽ നിന്ന് തന്നെ കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അഭിജിത് ദിപ്കെയുടെ പ്രഖ്യാപനം പുറത്തുവന്നത്.
തങ്ങൾ കരുതൽ തടങ്കലിൽ തുടരുന്നിടത്തോളം കാലം അജിങ്ക്യ ഷിൻഡെ സമരം നയിക്കുമെന്നാണ് ദിപ്കെ അറിയിച്ചിരിക്കുന്നത്. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയിലെ (എസ്.ഐ.ആർ) ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിന് നേതൃത്വം നൽകാൻ ഷിൻഡെയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള, ദിപ്കെയുടെ മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോയാണ് ഗ്രൂപ്പ് പുറത്തുവിട്ടത്. കസ്റ്റഡിയിലെടുത്തതിന് ശേഷം ദിപ്കെയിൽ നിന്ന് വന്ന ഏക പ്രതികരണമാണിത്.
"അഭിജിത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക് എന്നിവർ കസ്റ്റഡിയിലായിരിക്കുന്നിടത്തോളം കാലം, സി.ജെ.പിയുടെ ഓർഗനൈസേഷൻ ഇൻ-ചാർജ് അജിങ്ക്യ ഷിൻഡെ ജന്തർ മന്തറിലെ ഈ പ്രതിഷേധത്തിന് നേതൃത്വം നൽകും. സാധ്യമായ അറസ്റ്റ് മുൻകൂട്ടി കണ്ട് അഭിജിത് ഇന്നലെ രാത്രി തന്നെ ഈ വീഡിയോ മുൻകൂട്ടി റെക്കോർഡ് ചെയ്തതാണ്," സി.ജെ.പി തങ്ങളുടെ എക്സ് (X) പോസ്റ്റിൽ പറഞ്ഞു.
പ്രതിഷേധം തടയാനാണ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് സി.ജെ.പി ആരോപിച്ചു. ഈ നടപടിയെ ശക്തമായി അപലപിച്ച പാർട്ടി, മൂന്ന് നേതാക്കളുടെയും ഉപാധികളില്ലാത്ത അടിയന്തര മോചനം ആവശ്യപ്പെടുകയും തടങ്കൽ തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ആരോപിക്കുകയും ചെയ്തു.
ജന്തർ മന്തർ 2.0 സമരത്തിന് മുന്നോടിയായി ഡൽഹിയിലുടനീളം യുദ്ധസമാന സാഹചര്യമാണ് നിലനിൽക്കുന്നത്. പോലീസ് നടപടി കാരണം സമരം ആരംഭിക്കാൻ സി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് നടത്താൻ നിശ്ചയിച്ച 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കസ്റ്റഡി. പ്രമുഖ യൂട്യൂബറും പൗരാവകാശ പ്രവർത്തകനുമായ ധ്രുവ് റാഠിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുഗ്രാമിലെ വീട്ടിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡി സി.ജെ.പി നേതാക്കൾ സ്ഥിരീകരിച്ചു. സമരത്തെ അടിച്ചമർത്താൻ വൻ സുരക്ഷാ സന്നാഹമാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സമരക്കാർ ജന്തർ മന്തറിൽ എത്തുന്നതു തടയാനാണ് ഡൽഹി പോലീസ് നീക്കം. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വനിതകൾ അടക്കം ആയിരക്കണക്കിന് പേരെ ഇതിനകം പോലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

