ഡൽഹി പ്രതിഷേധം: നേഹ ബോറയെ വിട്ടയച്ചു; അഭിജീത് ദിപ്കെ കരുതൽ തടങ്കലിൽ, ഇന്ന് കോടതിയിൽ ഹാജരാക്കും
text_fieldsന്യൂഡൽഹി: ത്രിരംഗ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ച സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ കരുതൽ തടങ്കലിലാക്കി. എന്നാൽ കസ്റ്റഡിയിലെടുത്ത ഐസ പ്രസിഡന്റ് നേഹ ബോറയെ വിട്ടയച്ചു. ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്ത ദിപ്കെയുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. ദിപ്കെയെ ഇന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് കോടതിയിൽ ഹാജരാക്കുമെന്ന് സി.ജെ.പി നിയമവിഭാഗം അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ വീട്ടിൽനിന്ന് ഇറങ്ങിയ ഉടൻ പൊലീസ് ദിപ്കെയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊണാട്ട് പ്ലേസിൽ നടന്ന തിരംഗ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഝാന്ദേവാലനിൽ നിന്നാണ് ദിപ്കെയെ കസ്റ്റഡിയിലെടുത്തത്. അതേസമയം, ദിപ്കെയെ പൊലീസ് "തട്ടിക്കൊണ്ടുപോയതാണെന്ന്" ആരോപിച്ച സി.ജെ.പി, കസ്റ്റഡിയിലെടുത്ത് 10 മണിക്കൂറിലധികമായി കുടുംബത്തിനോ അഭിഭാഷകർക്കോ പാർട്ടി പ്രവർത്തകർക്കോ അദ്ദേഹവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും അറിയിച്ചു. ഡൽഹി പൊലീസ് അഭിജീത് ദിപ്കെയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അഭിഭാഷകരോട് സംസാരിക്കാൻ പോലും അനുവദിക്കുന്നില്ലെന്നും സി.ജെ.പി അറിയിച്ചു.
ബോറയുടെ വിവരങ്ങളും മണിക്കൂറുകളോളം അനിശ്ചിതത്വത്തിലായിരുന്നു. അർധരാത്രിയോടെ ആർ.കെ പുരം പൊലീസ് സ്റ്റേഷനിൽ നിന്നാണ് അഭിഭാഷകർ ബോറയെ കണ്ടെത്തിയതെന്നും, ഡൽഹിയിലെ വിവിധ സ്ഥലങ്ങളിലേക്ക് അവരെ മാറ്റിപ്പാർപ്പിക്കുകയായിരുന്നെന്നും ഐസ ആരോപിച്ചു. കസ്റ്റഡിയിലുള്ളവരുടെ വിവരങ്ങൾ പുറത്തുവിടണമെന്നും കസ്റ്റഡിയിലെടുത്തതിന്റെ കാരണങ്ങൾ വ്യക്തമാക്കണമെന്നും സി.പി.എം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് പൊലീസിനോട് ആവശ്യപ്പെട്ടു. ക്രമസമാധാന പാലനത്തിനും ഗതാഗത തടസ്സം ഒഴിവാക്കുന്നതിനുമായി 150 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ് രാജ്യതലസ്ഥാനത്ത് ത്രിരംഗ റാലി നടത്തുമെന്ന് സി.ജെ.പി.യും ഇടതുപക്ഷ സംഘടനകളും പ്രഖ്യാപിച്ചത്. ഡൽഹി പൊലീസിന്റെയും സേനയുടെയും കനത്ത സുരക്ഷാ ബന്ധവസ്സുകൾ മറികടന്ന് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നടന്ന റാലിയിൽ പതിനായിരങ്ങൾ അണിനിരന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

