Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘രാജ്യത്തെ സ്കൂളുകളുടെ അവസ്ഥ പരിതാപകരം’: എല്ലാ സംസ്ഥാനത്തെയും വിദ്യാഭ്യാസ മന്ത്രിമാർക്ക് കത്തയച്ച് അഭിജീത് ദിപ്കെ

text_fields
bookmark_border
എല്ലാ സ്കൂളുകളുടെയും പുരോഗതി സ്വയം വിലയിരുത്താൻ നിർദേശം നൽകി സി.ജെ.പി
‘രാജ്യത്തെ സ്കൂളുകളുടെ അവസ്ഥ പരിതാപകരം’: എല്ലാ സംസ്ഥാനത്തെയും വിദ്യാഭ്യാസ മന്ത്രിമാർക്ക് കത്തയച്ച് അഭിജീത് ദിപ്കെ
cancel

ന്യൂഡൽഹി: രാജ്യത്തെ സർക്കാർ സ്കൂളുകളിലെ ദയനീയാവസ്ഥയിൽ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർക്ക് കത്തയച്ച് കോക്രോച്ച് ജനതാ പാർട്ടി. സ്വാതന്ത്ര്യം ലഭിച്ച് എട്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും കുടിവെള്ളവും ശുചിമുറിയും ഇരുന്ന് പഠിക്കാൻ ബെഞ്ചുകൾ പോലും ഇല്ലാതെ ലക്ഷക്കണക്കിന് കുട്ടികൾ നരകയാതന അനുഭവിക്കുകയാണെന്ന് സി.ജെ.പി സ്ഥാപകനും കൺവീനറുമായ അഭിജീത് ദിപ്കെ നൽകിയ കത്തിൽ പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വിദ്യാലയങ്ങളുടെ ദൃശ്യങ്ങൾ മനസ്സാക്ഷിയുള്ള ഏതൊരാളെയും ഞെട്ടിക്കുന്നതാണ്. മൃഗങ്ങളേക്കാൾ മോശമായ സാഹചര്യത്തിലാണ് കുഞ്ഞുങ്ങളെ പഠിക്കാൻ വിട്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ അവസ്ഥ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ സർക്കാറുകൾ തയാറാകണമെന്ന് കത്ത് ആവശ്യപ്പെടുന്നു.

സ്വാതന്ത്ര്യത്തിന്റെ 80ാം വർഷത്തിലും കുടിവെള്ളത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും വേണ്ടി നമ്മുടെ കുട്ടികൾക്ക് പോരാടേണ്ടി വരുന്നത് രാജ്യത്തിനു തന്നെ അപമാനമാണ്. ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ല, ഇത് വരുംതലമുറയുടെ ഭാവി പ്രശ്നമാണെന്നും അഭിജീത് ദിപ്കെ സംസ്ഥാനങ്ങൾക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി. വിദ്യാലയങ്ങളുടെ യഥാർഥ അവസ്ഥ പൊതുജനങ്ങൾക്ക് മുന്നിൽ സുതാര്യമായി വെളിപ്പെടുത്താൻ കത്തിൽ ഉന്നയിച്ച ആറ് ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും കത്തിലൂടെ സി.ജെ.പി ആവശ്യപ്പെട്ടു.

സ്കൂൾ നവീകരണം, അധ്യാപക തസ്തികകൾ, ബജറ്റ് വിനിയോഗം, പുതിയ സ്കൂളുകൾ, അധ്യാപകരുടെ ജോലിഭാരം, സ്കൂളുകളിലെ ഡിജിറ്റൽ, കായിക സൗകര്യങ്ങളെ കുറിച്ചും ഓരോ സംസ്ഥാനങ്ങളിലും എത്രത്തോളം പുരോഗതിയുണ്ടെന്ന് സംസ്ഥാനങ്ങൾ സ്വയം വിലയിരുത്തി പരിഹാരത്തിന് ശ്രമിക്കണമെന്നും അഭിജിത് ദിപ്കെ പറഞ്ഞു.

കുട്ടി ജനിച്ച സ്ഥലമോ മാതാപിതാക്കളുടെ സാമ്പത്തിക ശേഷിയോ നോക്കാതെ, സുരക്ഷിതമായ ക്ലാസ് മുറിയും ശുദ്ധമായ കുടിവെള്ളവും ഉപയോഗയോഗ്യമായ ശുചിമുറിയും ഇരുന്ന് പഠിക്കാൻ ബെഞ്ചും പഠിപ്പിക്കാൻ അധ്യാപകനെയും ഉറപ്പാക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് സി.ജെ.പി ഓർമിപ്പിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നതായി കത്തിൽ ചൂണ്ടിക്കാട്ടി.

ജയ്പൂരിലെ രാംപുര കൻവാർപുരയിലുള്ള ഗവൺമെന്റ് സ്കൂളിനായി ശോചനീയാവസ്ഥ പരിശോധിക്കാനെത്തിയ പ്രവർത്തകരെ കൈയേറ്റം ചെയ്തത് വിവാദമായിരുന്നു. തുടർന്ന്, സി.ജെ.പി പ്രവർത്തകരും നാട്ടുകാരും നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ പുതിയ കെട്ടിടം നിർമിക്കാൻ രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക ഉത്തരവിറക്കിയിരുന്നു. തുടർന്നാണ്, രാജ്യത്തെ എല്ലാ സർക്കാർ സ്കൂളുകളുടെയും അവസ്ഥ വിലയിരുത്തണമെന്ന അഭ്യർഥനയുമായി സി.ജെ.പി സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CJP Writes to State Education Ministers Highlighting the 'Pathetic' Condition of Government Schools
Next Story