ഡൽഹി മാർച്ച് ഉപേക്ഷിച്ച് സിജെപി; വിദ്യാർഥികൾക്കെതിരായ നടപടികൾ പിൻവലിച്ചത് സ്വാഗതാർഹമെന്ന് സൗരവ് ദാസ്
text_fieldsന്യൂഡൽഹി: ജന്തർ മന്തർ വിദ്യാർഥി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാൻ കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ, പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് പിൻവലിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനത്തിൽ ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് നടത്താനിരുന്ന മാർച്ചാണ് സംഘടന പിൻവലിച്ചത്.
വിദ്യാർഥിക്കൾക്കെതിരെയുള്ള 13 എഫ്ഐആറുകൾ ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം റദ്ദാക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ വ്യക്തമാക്കിയ നടപടിയെ സിജെപി സ്വാഗതം ചെയ്തു. ഡൽഹിയിലെ കേസുകൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറായ പശ്ചാത്തലത്തിലാണ് മാർച്ച് പിൻവലിക്കുന്നതെന്നും, എന്നാൽ എൻഡിഎ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും വിദ്യാർഥികൾക്കെതിരായ സമാന കേസുകൾ പിൻവലിക്കാൻ നടപടിയുണ്ടാകണമെന്നും സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷാ വിവാദങ്ങളെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും നഷ്ടപരിഹാരവും നൽകുന്ന വിഷയത്തിൽ സർക്കാരുമായി നടത്തിയ ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായതായി സിജെപി നേതൃത്വം അറിയിച്ചു. ബ്രിക്സ് ഉച്ചകോടി നടക്കുന്ന പശ്ചാത്തലത്തിൽ സിജെപിയുടെ മാർച്ച് തടയണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹരജിയിൽ ഇടപെടാൻ നേരത്തെ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. എന്നാൽ വിദ്യാർഥികൾക്ക് അനുകൂലമായ തുടർനടപടികൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് കോടതിയിൽ ഉണ്ടായതോടെയാണ് സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ സംഘടന തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

