ജന്തർ മന്തർ 2.0: ഗൂഗ്ൾ സെർച്ചിൽ ശ്രദ്ധാകേന്ദ്രമായി സിജെപി; ഗ്യാനേഷ് കുമാറിനെ കൂടുതൽ സെർച്ച് ചെയ്തത് കേരളത്തിൽ നിന്ന്?
text_fieldsന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചും യുവാക്കൾ നടത്തുന്ന പ്രതിഷേധം ഗൂഗ്‌ൾ സെർച്ചിലും തരംഗമാകുന്നു. ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനു പിന്നാലെ 'പ്രതിഷേധം', 'കോക്രോച്ച് ജനതാ പാർട്ടി' എന്നീ വാക്കുകൾക്കായുള്ള സെർച്ചുകൾ കുതിച്ചുയർന്നതായാണ് റിപ്പോർട്ടുകൾ.
ഒക്ടോബർ നാലിന് 'എസ്ഐആർ', 'ഗ്യാനേഷ് കുമാർ' എന്നീ വാക്കുകളാണ് ഗൂഗ്‌ളിൽ കൂടുതൽ തിരയപ്പെട്ടത്. എന്നാൽ, ജന്തർ മന്തറിലെ പ്രതിഷേധം പ്രഖ്യാപിച്ചതോടെ ഒക്ടോബർ ഒമ്പതു മുതൽ സെർച്ചുകളുടെ സ്വഭാവം മാറി. പ്രതിഷേധവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി കൂടുതൽ സെർച്ചുകൾ വന്നു. ഒക്ടോബർ 10, 11 തീയതികളിൽ 'പ്രതിഷേധം', 'സിജെപി' എന്നീ വാക്കുകളാണ് കൂടുതലായി സെർച്ച് ചെയ്യപ്പെട്ടത്.
ജന്തർ മന്തറിൽ പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയിരുന്നില്ലെങ്കിലും സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഡൽഹിയിൽ നിന്നുള്ളവരാണ് കൂടുതൽ താൽപര്യം പ്രകടിപ്പിച്ചത്. സിജെപിയെയും പ്രതിഷേധത്തെയും കുറിച്ചുള്ള സെർച്ചുകളിൽ ഡൽഹിക്ക് പിന്നാലെ ഹരിയാനയാണ് മുന്നിലെത്തിയത്. ഗ്യാനേഷ് കുമാറിനെക്കുറിച്ചുള്ള തിരച്ചിലിൽ കേരളം രണ്ടാം സ്ഥാനത്തെത്തി. പ്രതിഷേധവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായുള്ള തിരച്ചിൽ ഡൽഹിയിൽ കേന്ദ്രീകരിച്ചപ്പോൾ, എസ്ഐആറിനെക്കുറിച്ചുള്ള തിരച്ചിലുകളിൽ ഝാർഖണ്ഡും ബിഹാറുമാണ് മുന്നിൽനിന്നത്.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുമാണ് സിജെപി ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പ്രതിഷേധവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതോടെ എസ്ഐആറിനെക്കുറിച്ചുള്ള തിരച്ചിലിൽനിന്ന് സമരത്തെയും സംഘടനയെയും കേന്ദ്രീകരിച്ചുള്ള തിരച്ചിലിലേക്ക് ശ്രദ്ധ മാറിയെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

