'മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല, ലക്ഷ്യം ജനകീയ മുന്നേറ്റം'; യുവജന പ്രക്ഷോഭത്തിന്റെ രൂപരേഖ നാളെ പുറത്തിറക്കുമെന്ന് സി.ജെ.പി
text_fieldsസി.ജെ.പി മുഖ്യ വക്താവ് സൗരവ് ദാസ്
ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി തങ്ങളുടെ ഭാവി പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നു. ഇതൊരു പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടിയായി മാറുകയല്ല മറിച്ച് ശക്തമായൊരു യുവജന മുന്നേറ്റമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ലക്ഷ്യമെന്ന് സി.ജെ.പി നേതാക്കൾ വ്യക്തമാക്കി. വ്യാഴാഴ്ച നടക്കുന്ന തന്ത്രപ്രധാനമായ യോഗത്തിന് ശേഷമായിരിക്കും രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാവി രൂപരേഖ സംഘടന ഔദ്യോഗികമായി പുറത്തുവിടുക.
ജനങ്ങളുടെ പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും പരിഹാരം കാണാൻ പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയല്ല വേണ്ടതെന്നും മറിച്ച് സാധാരണക്കാരെയും യുവാക്കളെയും ബോധവൽക്കരിച്ചുകൊണ്ട് താഴെത്തട്ടിൽ നിന്നുള്ള ജനകീയ ചെറുത്തുനിൽപ്പ് കെട്ടിപ്പടുക്കുകയാണ് ആവശ്യമെന്നും സി.ജെ.പി മുഖ്യ വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. പ്രക്ഷോഭം വൻ വിജയമായ പശ്ചാത്തലത്തിൽ ഈ മുന്നേറ്റത്തെ ഗ്രാമതലങ്ങളിലേക്ക് എങ്ങനെ വ്യാപിപ്പിക്കാം എന്നതിനെക്കുറിച്ചാണ് സംഘടന നിലവിൽ ചർച്ച ചെയ്യുന്നത്.
ഭരണകൂടത്തിന്റെ പ്രവർത്തനരീതിയെ കടുത്ത ഭാഷയിലാണ് സി.ജെ.പി നേതാക്കൾ വിമർശിച്ചത്. ഭരണകക്ഷിയും അനുബന്ധ സംഘടനകളും നടത്തുന്നത് ജനാധിപത്യപരമായ സംവാദങ്ങളല്ല മറിച്ച് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് നേതാവായ വൈഷ്ണവി ആരോപിച്ചു. വിദ്യാർഥികളെയും യുവാക്കളെയും ഭയപ്പെടുത്തുന്നതിന് പകരം അവരുമായി തുറന്ന സംവാദത്തിന് സർക്കാർ തയാറാകണം. ബിഹാറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്ക് നേരെ കടുത്ത പൊലീസ് നടപടികളും തോക്കുകളും വരെ ഉപയോഗിച്ച കാര്യം ചൂണ്ടിക്കാണിച്ച നേതാവ് രത്ന സിങ്, യുവാക്കൾക്ക് നേരെ നടക്കുന്ന ഇത്തരം അടിച്ചമർത്തലുകൾ വോട്ടർമാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇതിന്റെ പ്രതിഫലനം കാണാമെന്നും മുന്നറിയിപ്പ് നൽകി.
യുവാക്കളുടെ ശക്തമായ പ്രതിഷേധങ്ങൾ മൂലമാണ് മുതിർന്ന രാഷ്ട്രീയ നേതാക്കൾക്ക് 'ജെൻ സി' തലമുറയെക്കുറിച്ച് സംസാരിക്കേണ്ടി വന്നതെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ അഭിപ്രായപ്പെട്ടു. ഇത് നല്ലൊരു തുടക്കമാണെങ്കിലും പുതിയ തലമുറയുമായി മികച്ച രീതിയിൽ ആശയവിനിമയം നടത്താൻ മുതിർന്ന നേതാക്കൾക്ക് പകരം വിദ്യാസമ്പന്നരായ യുവനേതാക്കളെ മുന്നണിയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

