സി.ജെ.പി സമരം; എന്ത് വിലകൊടുത്തും 20 വരെ ജീവിച്ചിരിക്കുമെന്ന പ്രഖ്യാപനവുമായി സോനം വാങ്ചുക്
text_fieldsപരീക്ഷ ക്രമക്കേടുകൾക്കെതിരെ ജന്തർമന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക് ഭാര്യ ഗീതാഞ്ജലിക്കൊപ്പം
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ (സി.ജെ.പി) പാർലമെന്റ് മാർച്ച് നടക്കുന്ന ജൂലൈ 20 വരെ എന്തു വിലകൊടുത്തും ജീവിച്ചിരിക്കുമെന്ന് പരീക്ഷ ക്രമക്കേടുകൾക്കെതിരെ ജന്തർമന്തറിൽ അനിശ്ചിതകാല നിരാഹാര സമരം സമരം നടത്തുന്ന സോനം വാങ്ചുക് പ്രഖ്യാപിച്ചു. നിരാഹാര സമരം 20ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. അതേസമയം, ദീർഘകാല ഉപവാസം സോനം വാങ്ചുകിെന്റ ആരോഗ്യനില ഗുരുതര ഘട്ടത്തിലെത്തിച്ചതായി ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
തന്റെ ശാരീരിക അവസ്ഥ ക്ഷയിച്ചിട്ടുണ്ടെങ്കിലും മനോബലം ശക്തമാണെന്ന് സമരവേദിയിൽ സംസാരിച്ച വാങ്ചുക് പറഞ്ഞു. ‘ശാരീരികമായി ഞാൻ ക്ഷീണിതനാണ്. പക്ഷേ ഉള്ളിൽ വളരെ ശക്തനാണ്. ജൂലൈ 20ന് പാർലമെന്റിലേക്ക് നടത്തുന്ന സമാധാന മാർച്ചിന് ഈ ശക്തി ആവശ്യമാണ്. ജനാധിപത്യത്തിന്റെ ക്ഷേത്രമായ പാർലമെന്റിൽ നാം നമ്മുടെ ആവശ്യങ്ങൾ അവതരിപ്പിക്കും’ - അദ്ദേഹം പറഞ്ഞു.
24 മണിക്കൂറിനിടെ വാങ്ചുക്കിന്റെ ഭാരം 350 ഗ്രാം കൂടി കുറഞ്ഞു. ആകെ ഭാരം ഏകദേശം 9.5 കിലോഗ്രാം കുറഞ്ഞതോടെ ഭാരം 56.55 കിലോഗ്രാമായി. രക്തസമ്മർദവും കുറഞ്ഞിട്ടുണ്ട്. നേരിയ നിർജലീകരണ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം മാനസികമായി ജാഗ്രതയോടെ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. നിരാഹാരം തുടരുകയാണെങ്കിൽ അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ പ്രതികരിക്കാതെ സമരം അവസാനിപ്പിക്കുന്നത് തെറ്റായ സന്ദേശമാകുമെന്ന നിലപാടിലാണ് വാങ്ചുക്.
ഇതിനിടെ, വാങ്ചുക്കിന്റെ ആരോഗ്യനില ദിവസേന നിരീക്ഷിക്കാനും ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാനും ഡൽഹി ഹൈക്കോടതി നിർദേശം നൽകി. നിരാഹാര സമരത്തിൽ പങ്കെടുക്കുന്ന മറ്റ് പ്രവർത്തകരുടെയും ആരോഗ്യനില മോശമായിരിക്കുകയാണ്. ഐസ പ്രവർത്തകരായ നെഹ, മനീഷ്, ആമീൻ എന്നിവരുടെ ആരോഗ്യനില മോശമായതായി സംഘടന അറിയിച്ചു.
അതേസമയം, സമരത്തിന് രാഷ്ട്രീയ പിന്തുണ വർധിച്ചുവരികയാണ്. കോൺഗ്രസ് നേതാവ് പവൻ ഖേര സമരവേദിയിലെത്തി വാങ്ചുക്കിനും മറ്റ് സമരക്കാരനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ, സമാജ്വാദി പാർട്ടി എം.പി ഡിംപിൾ യാദവ് എന്നിവരും അരുന്ധതി റോയ്, നസീറുദ്ദീൻ ഷാ, രത്ന പഥക് ഷാ, ജയതി ഘോഷ് എന്നിവരുള്പ്പെടെ പ്രമുഖരും സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, നിരാഹാരം അവസാനിപ്പിക്കണമെന്നും അവർ വാങ്ചുകിനോട് അഭ്യർഥിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും പരീക്ഷ ക്രമക്കേടുകളുടെ പേരിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നുമാണ് സി.ജെ.പി ആവശ്യപ്പെടുന്നത്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20ന് പാർലമെന്റിലേക്ക് സമാധാനപരമായ മാർച്ച് നടത്താനാണ് സംഘടനയുടെ തീരുമാനം. ജൂൺ 20നാണ് സി.ജെ.പി സമരം ആരംഭിച്ചത്. ജൂൺ 28ന് സമരത്തിൽ പങ്കാളിയായ സോനം വാങ്ചുക് അന്നുമുതൽ അനിശ്ചിതകാല നിരാഹാരത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

