ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ സി.ജെ.പി മത്സരിക്കുമോ?; എ.എ.പി-എസ്.പി സഖ്യത്തിന് കളമൊരുങ്ങുന്നു
text_fieldsഅഭിജീത് ദിപ്കെ, അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാൾ
ലഖ്നൗ: 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് രാഷ്ട്രീയ നീക്കങ്ങളും സഖ്യചർച്ചകളും സജീവമായിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, സമാജ്‌വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവ് ആം ആദ്മി പാർട്ടി (എ.എ.പി), സി.പി.ഐ (എം.എൽ) എന്നീ കക്ഷികളുടെ നേതാക്കളുമായി സീറ്റ് വിഭജന ചർച്ചകൾ നടത്തി. ഇതിനൊപ്പം കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളും ചർച്ചകളുടെ ഭാഗമായെന്ന റിപ്പോർട്ടുകൾ ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
വിദ്യാർഥി-യുവജന പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധേയമായ കോക്രോച്ച് ജനതാ പാർട്ടി, ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നതാണ് നിലവിലെ പ്രധാന ചർച്ച. ദേശീയ അച്ചടിമാധ്യമമായ അമർ ഉജാല റിപ്പോർട്ട് ചെയ്തതനുസരിച്ച്, അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലുള്ള സി.ജെ.പി ഉത്തർപ്രദേശ് ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ പുതിയ സംഘടനാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. നീറ്റ് ചോദ്യ പേപ്പർ ചോർച്ചക്കെതിരെ ജന്തർ മന്തറിൽ നടന്ന സമരങ്ങളിലൂടെയാണ് സി.ജെ.പി ശ്രദ്ധയാകർഷിച്ചത്.
സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയും മറ്റൊരു പ്രധാന നേതാവായ അശുതോഷ് റാങ്കയും മുമ്പ് ആം ആദ്മി പാർട്ടിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അഖിലേഷ് യാദവും എ.എ.പി നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സി.ജെ.പി പ്രതിനിധികളും ശ്രദ്ധാകേന്ദ്രമായതായും റിപ്പോർട്ടുണ്ട്. പ്രതിപക്ഷ നിരയുടെ പ്രചാരണങ്ങളിൽ സി.ജെ.പിയുടെ സാന്നിധ്യം ഉണ്ടാകുമോ എന്നും, അതോ അവർ സ്വതന്ത്രമായി മത്സരിക്കുമോ എന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യാ മുന്നണി വിട്ട ആം ആദ്മി പാർട്ടിയെ വീണ്ടും ഒപ്പം നിർത്താനാണ് സമാജ്‌വാദി പാർട്ടി ശ്രമിക്കുന്നത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും സഞ്ജയ് സിങ്ങും അഖിലേഷ് യാദവും സഖ്യത്തിനായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും സീറ്റ് വിഭജനത്തിലെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അത് പരാജയപ്പെടുകയായിരുന്നു. തുടർന്ന്, ഒറ്റക്ക് മത്സരിച്ച എ.എ.പിക്ക് അന്ന് സീറ്റുകളൊന്നും നേടാനായിരുന്നില്ല. എന്നാൽ 2027ലെ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിയെ നേരിടാൻ ചെറുകക്ഷികളെയും ഒപ്പം കൂട്ടുക എന്ന തന്ത്രമാണ് അഖിലേഷ് യാദവ് പയറ്റുന്നത്.
ഒരുവശത്ത് എ.എ.പി, സി.പി.ഐ (എം.എൽ) തുടങ്ങിയ കക്ഷികളുമായി അഖിലേഷ് യാദവ് ചർച്ച നടത്തുമ്പോൾ, മറുവശത്ത് കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകളും നിർണ്ണായക ഘട്ടത്തിലാണ്. 403 അംഗ നിയമസഭയിൽ 181 സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ, വിജയസാധ്യതയും മുൻ തെരഞ്ഞെടുപ്പ് ഫലങ്ങളും കണക്കിലെടുത്തായിരിക്കും സീറ്റ് വിഭജനം. ഇത് സംബന്ധിച്ച് നവംബർ 23, 24 തീയതികളിൽ ഇരുപാർട്ടികളുടെയും സമിതികൾ ഔദ്യോഗിക ചർച്ചകൾ നടത്തും.
അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സഖ്യകക്ഷികൾക്കായി ഏകദേശം 60 സീറ്റുകൾ നീക്കിവെക്കുന്നതായാണ് റിപ്പോർട്ട്. ഇതിനുപുറമെ, അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയും ചേർന്ന് 'സമാജിക് പരിവർത്തൻ മോർച്ച' എന്ന പേരിൽ മൂന്നാം മുന്നണി രൂപീകരിച്ചതും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ചിത്രത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്.

