വിദ്യാർഥികൾ അടികൊള്ളുമ്പോൾ ബർഗർ കഴിക്കുന്ന വിഡിയോ പങ്കുവെച്ച് സി.ജെ.പി വക്താവ് വിജേത ദാഹിയ, വിവാദം; ഒടുവിൽ പുറത്താക്കി
text_fieldsവിജേത ദാഹിയ
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനുനേർക്ക് ഡൽഹി പൊലീസ് ലാത്തി ചാർച്ച് നടത്തുമ്പോൾ ബർഗർ കഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് സി.ജെ.പി വക്താവ് വിജേത ദാഹിയ. വിഡിയോ വിവാദമായതോടെ വക്താവ് സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റി. ദാഹിയയെ പാർട്ടിയുടെ വക്താവ് സ്ഥാനത്തുനിന്നും എല്ലാ ഔദ്യോഗിക ചുമതലകളിൽനിന്നും നീക്കിയതായി പാർട്ടി പ്രസ്താവനയിലൂടെ അറിയിച്ചു.
‘സമാധാനപരമായി പ്രതിഷേധിച്ചവർക്കും പ്രവർത്തകർക്കും അതിക്രൂരമായ പൊലീസ് അതിക്രമം നേരിടേണ്ടി വന്നപ്പോൾ, ഞങ്ങളുടെ വക്താവ് വിജേത ദഹിയയുടെ ചില വിഡിയോകൾ പുറത്തുവന്നതിനെ കടുത്ത ഭാഷയിൽ അപലപിക്കുന്നു’ -സി.ജെ.പി പ്രസ്താവനയിൽ പറയുന്നു. ഇത്തരം പെരുമാറ്റരീതി അംഗീകരിക്കാനാകില്ല. ഇത് അദ്ദേഹത്തിന്റെ വിവേകമില്ലായ്മയെയാണ് കാണിക്കുന്നത്, ഒപ്പം തങ്ങളുടെ പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾക്കും തത്വങ്ങൾക്കും തീർത്തും വിരുദ്ധവുമാണെന്നും സി.ജെ.പി വ്യക്തമാക്കി.
ആരോപണങ്ങളോട് പ്രതികരിച്ച് ദഹിയ ഇൻസ്റ്റാഗ്രാം പേജിൽ കുറിപ്പിട്ടു. ഒരു ബർഗർ കഴിച്ചത് എന്തിനാണ് ഇത്ര വലിയ വിവാദമാക്കുന്നതെന്ന് ചോദിക്കുന്ന അദ്ദേഹം, പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാതിരുന്നതിൽ തെറ്റൊന്നുമില്ലെന്നും കൂട്ടിച്ചേർത്തു. ആരും തന്നെ ഈ പദവിയിലേക്ക് തെരഞ്ഞെടുത്തിട്ടില്ലെന്നും അതിനാൽ മാർച്ചിന്റെ ഭാഗമാകാൻ തനിക്ക് ബാധ്യതയില്ലെന്നും അദ്ദേഹം ന്യായീകരിച്ചു.
അതേസമയം, സി.ജെ.പി പ്രതിഷേധത്തിനു നേർക്ക് ഡൽഹി പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ പ്രതിപക്ഷം കുത്തിയിരുന്ന പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കേരള മുഖ്യമന്ത്രി വി.ഡി സതീശൻ എന്നിവർ അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സി.ജെ.പി. നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിന് കാരണക്കാരായ പ്രധാനമന്ത്രിയും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും രാജിവെക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം.
കേരളത്തിൽനിന്നുള്ള എം.പിമാരുൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കൊടിക്കുന്നിൽ സുരേഷിനെയും മന്ത്രി പി.സി. വിഷ്ണുനാഥിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബലം പ്രയോഗിച്ചാണ് എം.പിമാരെ പൊലീസ് നീക്കിയത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

