നീറ്റ് പരീക്ഷാർഥികൾക്ക് 1 കോടി രൂപ നഷ്ടപരിഹാരം, വാങ്ചുക്കിന്‍റെ മോചനം: ജെ.പി നഡ്ഡയുമായുള്ള കൂടിക്കാഴ്ചയിൽ മൂന്ന് ആവശ്യങ്ങൾ മുന്നോട്ട് വെച്ച് സി.ജെ.പി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ 'ചലോ സൻസദ്' മാർച്ചിനിടെ, കോക്രോച്ച് ജനത പാർട്ടി പ്രതിനിധികളുമായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ കൂടിക്കാഴ്ച നടത്തി. സമരങ്ങൾ ശക്തമായതിന് ശേഷം സർക്കാരും പ്രതിഷേധക്കാരും തമ്മിൽ നടക്കുന്ന ആദ്യ ഔദ്യോഗിക ചർച്ചയാണിത്. പരീക്ഷാ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും ആയിരക്കണക്കിന് സി.ജെ.പി പ്രവർത്തകർ പാർലമെന്‍റിലേക്ക് മാർച്ച് നടത്തിയിരുന്നു. തലസ്ഥാനത്ത് കനത്ത പൊലീസ് സന്നാഹവും ബാരിക്കേഡുകളും ലാത്തിച്ചാർജും അറസ്റ്റും നടന്നിരുന്നു.
സർക്കാർ ചർച്ചക്കായി വിളിച്ചതിനെത്തുടർന്ന്, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രാങ്ക എന്നിവർ ജെ.പി. നഡ്ഡയുടെ വസതിയിലെത്തി. തങ്ങൾ പാർട്ടിക്ക് വേണ്ടി രേഖാമൂലമുള്ള നിവേദനം നൽകിയെന്നും, ബി.ജെ.പി നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം മറുപടി നൽകാമെന്ന് മന്ത്രി ഉറപ്പുനൽകിയെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ, രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് മന്ത്രിയുമായി വെറും 10 മിനിറ്റ് മാത്രം സംസാരിക്കാൻ സാധിച്ചതെന്ന് സൗരവ് ദാസ് എക്സിൽ കുറിച്ചു.
പ്രധാന ആവശ്യങ്ങളായ സോനം വാങ്ചുക്കിന്റെ അടിയന്തര മോചനം, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി, നീറ്റ് പരീക്ഷയിൽ ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ വീതം നഷ്ടപരിഹാരം എന്നിവയിൽ ബി.ജെ.പി നേതൃത്വവുമായി ചർച്ച ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടതായി അശുതോഷ് രാങ്ക വ്യക്തമാക്കി. കൂടിക്കാഴ്ചയെക്കുറിച്ച് സർക്കാർ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല.
പ്രതിഷേധം ആഴ്ചകളായി തുടരുന്നുണ്ടെങ്കിലും സർക്കാരുമായി ചർച്ചക്ക് തയ്യാറാണെന്ന് സി.ജെ.പി നേരത്തെ വ്യക്തമാക്കിയിരുന്നു. പരീക്ഷാ ക്രമക്കേടുകളിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നുമാണ് പാർട്ടി ആവശ്യപ്പെടുന്നത്. സർക്കാരുമായി ചർച്ചകൾ നടക്കുമ്പോഴും ജന്തർ മന്തറിൽ ഒത്തുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാർ പാർലമെന്‍റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചു. പാർലമെന്‍റ് സ്ട്രീറ്റിന് സമീപം പൊലീസ് മാർച്ച് തടഞ്ഞു. പിരിഞ്ഞുപോകാൻ വിസമ്മതിച്ച പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും നടത്തുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിച്ചതോടെ മധ്യ ഡൽഹിയിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ സമരം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു.
നിരാഹാരം അവസാനിപ്പിച്ച് ദിപ്കെ; മോചനത്തിനായി വാങ്ചുക്
സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ തന്‍റെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. 21 ദിവസത്തെ നിരാഹാരത്തെത്തുടർന്ന് ആരോഗ്യപ്രശ്നങ്ങളാൽ ജൂലൈ 18 മുതൽ സഫ്ദർജംഗ് ആശുപത്രിയിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന്‍റെ അഭ്യർത്ഥന മാനിച്ചാണ് ദിപ്കെ സമരം നിർത്തിയത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും 'ചലോ സൻസദ്' മാർച്ചിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വാങ്ചുക് ആശുപത്രി അധികൃതർക്ക് കത്ത് നൽകി. തനിക്ക് സുഖമാണെന്നും പ്രതിഷേധത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

