കാഴ്ച പരിമിതി തളർത്തിയില്ല; കുപ്പിവെള്ളം വിതരണം ചെയ്ത് സമരത്തിന് ഐക്യദാർഢ്യവുമായി ഒരു വിദ്യാർഥി
text_fieldsന്യൂഡൽഹി: ധർമേന്ദ്ര പ്രധാന്‍റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സമരത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിന്തുണ വർധിച്ചുവരികയാണ്. ശാരീരികമായ അവശതകൾ പോലും വകവെക്കാതെ ജീവൻ പൊലിഞ്ഞ നീറ്റ് വിദ്യാർഥികൾക്ക് വേണ്ടി പോരാടാൻ എത്തിയവരുടെ കണ്ണുനിറക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി.
കാഴ്ച പരിമിതനായ ഡൽഹി യൂനിവേഴ്സിറ്റിയിലെ ലോ ഫാക്കൽറ്റി വിദ്യാർഥി പങ്കജ് സമരമുഖത്തെ നിശ്ചയദാർഢ്യത്തിന്‍റെ മുഖമായി. തന്‍റെ പരിമിതികൾക്കിടയിലും സമരത്തിനെത്തിയവർക്ക് കുടിവെള്ളക്കുപ്പികൾ വിതരണം ചെയ്ത് സമരത്തിനെത്തിയ വിദ്യാർഥികൾക്ക് പങ്കജ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വിശപ്പകറ്റാൻ അച്ചാറും ഉള്ളിയും കൂട്ടി ഒരുപിടി കടല കഴിക്കുന്ന പവനാണ് സമരമുഖത്തെ മറ്റൊരു നേർക്കാഴ്ച. ബി.കോം ബിരുധധാരിയായ പവൻ മധ്യപ്രദേശിൽ നിന്നാണ് സമരത്തിന് എത്തിയത്. വിശപ്പിനെകാൾ വലുതാണ് വിദ്യാർഥികളുടെ ഭാവിയെന്ന് വിശ്വസിക്കുന്ന ഈ 23കാരന്‍റെ വിഡിയോ ഡൽഹിയിൽ നിന്ന് ഒരു വ്ലോഗർ പങ്കുവെക്കുകയായിരുന്നു. വീൽചെയറിലെത്തിയ നിരവധിപേരെയും സമരമുഖത്ത് കാണാം.
ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടു പോകില്ലെന്ന് ശക്തമായ നിലപാടാണ് സി.ജെ.പി സ്വീകരിച്ചിരിക്കുന്നത്. സമരത്തെ പിന്തുണച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ മൗന സമരം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

